മർദിച്ച സംഭവത്തിൽ ഇ. ചന്ദ്രശേഖരനെ തള്ളി എം.വി ഗോവിന്ദൻ; സി.പി.ഐ നേതാക്കളും മൊഴി മാറ്റിയെന്ന് പ്രതികരണം

തിരുവനന്തപുരം: മുൻ മന്ത്രി ഇ. ചന്ദ്രശേഖരനെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മർദിച്ച സംഭവത്തിൽ സി.പി.ഐ നേതാക്കളടക്കമുള്ളവരും മൊഴി മാറ്റിയിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അക്രമിച്ചവരെ കണ്ടാൽ അറിയില്ലെന്നാണ് സി.പി.ഐ ജില്ല സെക്രട്ടറി മൊഴി നൽകിയത്. ഇ. ചന്ദ്രശേഖരനും സമാന മൊഴിയാണ് നൽകിയത്. വിഷയം പാർട്ടി പരിശോധിക്കണമെങ്കിൽ പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരായ അക്രമക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയതിൽ സി.പി.എം വാദം നിയമസഭയിൽ തന്നെ തള്ളി സി.പി.ഐ നേതാവും മുൻമന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി പ്രവർത്തകർ ആക്രമിച്ച കേസിൽ പ്രതികളെ വിട്ടത് സി.പി.എം നേതാക്കൾ മൊഴി മാറ്റിയതിനാലാണെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

സാക്ഷികൾ കൂറുമാറിയിട്ടില്ലെന്ന് സി.പി.എം അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചക്കിടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വ്യക്തിപരമായ വിശദീകരണത്തിൽ ഇ. ചന്ദ്രശേഖരൻ അതൃപ്തി പ്രകടിപ്പിച്ചത്. ഈ സമയം നടുത്തളത്തിൽ പ്രതിഷേധിക്കുകയായിരുന്ന പ്രതിപക്ഷാംഗങ്ങൾ ചന്ദ്രശേഖരന്‍റെ വിശദീകരണത്തെ കൈയടിച്ച് പിന്തുണച്ചു.

തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് വോട്ടർമാരെ നന്ദി അറിയിക്കാൻ പോയപ്പോൾ തന്നെയും ഇടതു നേതാക്കളെയും ബി.ജെ.പിക്കാർ ആക്രമിച്ചിരുന്നെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. തന്നെ ആക്രമിച്ചതായി പൊലീസിന് നൽകിയ മൊഴിയാണ് താൻ കോടതിയിലും നൽകിയത്. എന്നാൽ, തന്നെ ആക്രമിച്ചതായി നേരത്തേ പൊലീസിന് മൊഴി നൽകിയ നാല് സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി.

ഇത് കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചയിൽ സാക്ഷികളെല്ലാം ഒരേനിലയിലാണ് മൊഴി നൽകിയതെന്നും പ്രതികളെ ആരും തിരിച്ചറിയാത്തതാണ് കേസ് പരാജയപ്പെടാൻ ഇടയാക്കിയതെന്നും കുറ്റ്യാടി എം.എൽ.എ പറഞ്ഞത് വസ്തുത വിരുദ്ധമാണെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

Tags:    
News Summary - MV Govindan rejects E Chandrasekharan; Response that CPI leaders also changed their statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.