തിരുവനന്തപുരം: പിന്‍വാതില്‍ നിയമനം സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ അജണ്ടയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. തിരുവനന്തപുരം കോർപറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ കത്ത് പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്ത് തന്റേതല്ലെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്ത് വ്യാജമെന്ന് മേയര്‍ വിശദീകരിച്ചു. കത്ത് എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കട്ടെ. അന്വേഷണം നടക്കട്ടെ, ആരെയും സംരക്ഷിക്കില്ല. മേയർ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിൻവാതിലിലൂടെ മാർക്സിസ്റ്റുകാരെ നിയമിക്കാൻ പാർട്ടിക്ക് താൽപര്യമില്ല. എന്നാൽ, അത്തരത്തിൽ വൻതോതിലുള്ള പ്രചാരണമാണ് സി.പി.എമ്മിനെതിരെ നടക്കുന്നത്. കത്തുകൾ പുറത്തുവന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെക്കുറിച്ചല്ല താൻ പറയുന്നത്. ഈ വിഷയത്തിൽ ബി.ജെ.പിയുടെ ആരോപണങ്ങൾ തള്ളുകയാണ്. ബി.ജെ.പി ഗവർണറെ കാണുന്നതോടെ വിഷയം തീരുമെന്നും അദ്ദേഹം പരിഹസിച്ചു. കത്ത് വിവാദം സി.പി.എം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തിട്ടില്ല. വിഷയം ശ്രദ്ധയിൽപെട്ടതോടെയാണ് നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് വിട്ടത്. കത്ത് വ്യാജമായി ചമച്ചതിനുപിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ കണ്ടുപിടിക്കട്ടെ.
പാർട്ടിക്ക് മറച്ചുവെക്കാനൊന്നുമില്ല. ഇങ്ങനെ കത്തെഴുതുന്ന രീതി പാർട്ടിക്കില്ല. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരൊക്കെ രാഷ്ട്രവിരുദ്ധരാണെന്ന കേന്ദ്ര നിലപാടല്ല സി.പി.എമ്മിനുള്ളത്. വിഴിഞ്ഞം പദ്ധതി നിലനിൽക്കണം -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.