കണ്ണൂര്‍: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ തീവ്രവാദികളല്ലെന്നും എന്നാൽ, കോഴിക്കോട് ആവിക്കൽ സമരക്കാർ തീവ്രവാദികളാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കണ്ണൂര്‍ പ്രസ് ക്ലബിന്‍റെ 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാന്‍ അവകാശമുണ്ട്. പുരോഹിതന്മാര്‍ക്കും സമരം ചെയ്യാം. അതിനെ എതിര്‍ക്കേണ്ടതില്ല.
വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല കോഴിക്കോട് ആവിക്കലില്‍ നടന്നത്. പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനിച്ചശേഷം ചില ആളുകൾ അതിനെ വർഗീയമാക്കി മാറ്റി. ആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദശക്തികളാണ്. ഉള്ളതു ഉള്ളതുപോലെ പറയുന്നതാണ് പാർട്ടി രീതി. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രവാദ നിലപാടുകാരാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ സമരം ചെയ്ത ശുചീകരണ തൊഴിലാളികളുടെ വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അവര്‍ നടത്തിയ സമരത്തിന്‍റെ രൂപത്തെക്കുറിച്ച് അറിയില്ല. എല്ലാ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും എതിര്‍ക്കുകയോ സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. വിമർശനങ്ങളെ ഭയക്കുന്നില്ല.
നേതാക്കൾക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ പാർട്ടി ചർച്ചചെയ്ത് ആവശ്യമെങ്കിൽ തിരുത്തൽ നടത്തും. അല്ലാതെ ആക്ഷേപം കേൾക്കുമ്പോൾതന്നെ നടപടിയെടുക്കാനാവില്ല. കെ-റെയില്‍ കേരളത്തിന് അനിവാര്യമാണ്. കേന്ദ്രാനുമതി ലഭിച്ചാല്‍ നടപ്പാക്കുകതന്നെ ചെയ്യും. സ്വയം നവീകരിക്കാതെ കേരളത്തിന് മുന്നോട്ടുപോകാനില്ല. അങ്ങനെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് എല്‍.ഡി. എഫ് സര്‍ക്കാറിനെ വീണ്ടും ജനങ്ങള്‍ അധികാരത്തിലെത്തിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.