കണ്ണൂർ: രണ്ടുതവണ എം.എൽ.എയും അഞ്ചുവർഷത്തോളം സി.പി.എം ജില്ല സെക്രട്ടറിയുമെന്ന നിലക്കുള്ള പൊതുപ്രവർത്തന പരിചയവുമായി ഗോദയിൽ ഇറങ്ങുന്ന എം.വി. ജയരാജന്റെ ലോക്സഭ തെരഞ്ഞെടുപ്പിലെ കന്നിമൽസരമാണിത്. പഴയ എടക്കാട് മണ്ഡലത്തിൽ നിന്നാണ് രണ്ടു തവണ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിലും പ്രവർത്തിച്ചു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പി. ജയരാജൻ വടകര മണ്ഡലത്തിൽ മൽസരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് എം.വി. ജയരാജൻ ജില്ല സെക്രട്ടറിയുടെ താൽക്കാലിക ചുമതലയേറ്റു. തുടർന്ന് നടന്ന ജില്ല സമ്മേളനത്തിൽ വീണ്ടും ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.
എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോ. സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. സി.പി.എം സംസ്ഥാന സമിതി അംഗവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യ കൗൺസിൽ അംഗവുമാണ്. പരിയാരം സഹകരണ മെഡിക്കൽ കോളജ് ചെയർമാനുമായിരുന്നു. നിയമ ബിരുദധാരിയാണ്. 63കാരനായ ഇദ്ദേഹം പെരളശ്ശേരിയിലെ മാരിയമ്മാർവീട്ടിൽ പരേതനായ വി.കെ. കുമാരന്റെയും എം.വി. ദേവകിയുടെയും മൂത്ത മകനാണ്.
കേരള ബാങ്ക് കണ്ണൂർ റീജനൽ ഓഫിസിൽ െഡപ്യൂട്ടി ജനറൽ മാനേജറായ കെ. ലീനയാണ് ഭാര്യ. ഷിപ്പിങ് എൻജിനീയർ എം.വി സഞ്ജയ്, കോഴിക്കോട് സിറ്റി ഗ്യാസ് പ്രോജക്ട് എൻജിനീയർ എം.വി അജയ് എന്നിവർ മക്കൾ. മരുമക്കൾ: ഡോ. സ്നിഗ്ധ, ഡോ. ശിവ ബാലകൃഷ്ണൻ. എം.വി. ജയരാജൻ സ്ഥാനാർഥിയായതോടെ ജില്ല സെക്രട്ടറിയുടെ ചുമതല മറ്റൊരാൾക്ക് കൈമാറും. ജില്ല കമ്മിറ്റിയോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.