കണ്ണൂർ: സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘവുമായി പാർട്ടി ജില്ല കമ്മിറ്റിയംഗത്തിന് ബന്ധമുണ്ടെന്നും പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ മനംമടുത്താണ് പാർട്ടിയിൽനിന്ന് പുറത്തുപോകേണ്ടിവന്നതെന്നുമുള്ള മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസിന്റെ പരാതിയിൽ കഴമ്പില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ.
അദ്ദേഹം നൽകിയ പരാതി പാർട്ടി പരിശോധിച്ചതും വസ്തുതയില്ലെന്ന് ബോധ്യപ്പെട്ടതുമാണ്. സ്വർണക്കടത്ത് സംഘത്തെ പാർട്ടി നേരത്തേ തള്ളിപ്പറഞ്ഞതാണ്. സമൂഹമാധ്യമങ്ങളിൽ പോരാളികളായി നടക്കുന്ന ക്വട്ടേഷൻ ടീമിന് പാർട്ടിയുമായി ബന്ധമില്ല.
മനു തോമസും ആരോപണ വിധേയനായ വ്യക്തിയും ഡി.വൈ.എഫ്.ഐ ഭാരവാഹിയായിരിക്കുമ്പോൾ ക്വട്ടേഷൻ ടീമിനെതിരെ കാമ്പയിൻ നടത്തിയതാണ്. പാർട്ടി ഭരണഘടന അനുസരിക്കാൻ തയാറെങ്കിൽ എപ്പോഴും മടങ്ങിവരാമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഞാൻ നൽകിയ പരാതിയിൽ പാർട്ടി നടത്തിയ അന്വേഷണം പ്രഹസനമാണെന്ന് സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസ്. ക്വട്ടേഷൻ സംഘത്തിൽനിന്ന് ചോർന്ന ടെലിഫോൺ ശബ്ദരേഖ സഹിതം നൽകിയിട്ടും ആ നിലക്ക് ഒരന്വേഷണവും നടത്താതെ കുറ്റക്കാർക്കൊപ്പം നിൽക്കുകയാണ് നേതൃത്വം ചെയ്തത്.
ക്വട്ടേഷൻ സംഘത്തെ പരസ്യമായി തള്ളിപ്പറയുന്ന പലരും ഇന്നും അവരുമായി നല്ല അടുപ്പത്തിലാണ്. തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ കുറ്റക്കാർക്കൊപ്പം നിന്നതിനാലാണ് പാർട്ടിയുമായി അകന്നുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.