എം.വി. മുഹമ്മദ് സലീം മൗലവി- അഗാധ പാണ്ഡിത്യത്തിന്റെ നിറവിൽ ഒരു പുരുഷായുസ്സ് ഇസ്ലാമിക പ്രബോധനത്തിന്റെയും വൈജ്ഞാനിക പ്രവർത്തനങ്ങളുടെയും രംഗത്ത് ചെലവഴിച്ച മഹദ്വ്യക്തി. ചിന്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, ബഹുഭാഷ പണ്ഡിതൻ എന്നീ കേവല വിശേഷണങ്ങളിലൊന്നും ഒതുങ്ങാതെ, ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന് അഴകും ആഭിജാത്യവുമേറ്റിയ സലീം മൗലവി ഓർമയാകുമ്പോൾ അറിവിൽ ഊറ്റംകൊണ്ട ഒരു കാലഘട്ടം അസ്തമിക്കുകയാണ്.
ശാന്തപുരം ഇസ്ലാമിയ കോളജിലെ ആദ്യതലമുറയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളിൽ ഒന്നാംനിരയിൽ സ്ഥാനമുറപ്പിച്ച സലീം മൗലവി ഖത്തറിലെ മഅ്ഹദുദ്ദീനിയിൽ ഉപരിപഠനം പൂർത്തിയാക്കി. ലോകപ്രശസ്തരായ നിരവധി പണ്ഡിതന്മാരുടെ ശിക്ഷണത്തിൽ പഠിക്കാനും സർഗസിദ്ധികൾ വളർത്താനും ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ ധന്യമായ അനുഭവവും അക്ഷയസമ്പത്തുമായി കരുതിയ അദ്ദേഹം, കൈവെച്ച മേഖലകളിലെല്ലാം കൈയൊപ്പു ചാർത്തി. അറിവിന്റെ സ്ഥൂല, സൂക്ഷ്മ തലങ്ങളിലേക്കിറങ്ങി ജ്ഞാനസപര്യയെ അർഥപൂർണമാക്കാനും വസ്തുനിഷ്ഠമായ അറിവിന്റെ ഉറവിടങ്ങളിൽചെന്ന് തന്റെ കണ്ടെത്തലുകളെയും നിരീക്ഷണങ്ങളെയും നിഗമനങ്ങളെയും ആധികാരികമാക്കാനും കഠിന പ്രയത്നം നടത്തുകയെന്നതായിരുന്നു മൗലവിയുടെ ജീവിത വ്രതം.
അദ്ദേഹവുമായുള്ള സാധാരണ സംസാരംപോലും അനുവാചകനെ അറിവിന്റെയും പുതിയ ഗവേഷണ ഫലങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകും. ആയുസ്സിലെ ഓരോ നിമിഷവും അമൂല്യമാണെന്നും അതിന് ഓരോന്നിനും ദൈവസന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നുമുള്ള വിചാരമാണ് തന്നെ നയിക്കുന്നതെന്ന് സലീം മൗലവി സദാ പറയാറുണ്ടായിരുന്നു. കേരളത്തിലെ പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപനവൃത്തിയിൽ ഏർപ്പെട്ട മൗലവിക്ക് ആയിരക്കണക്കിന് ശിഷ്യസമ്പത്തുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനെ നിറഞ്ഞ സ്നേഹാദരങ്ങളോടെ ഓർമിച്ച ശിഷ്യന്മാരെല്ലാം, തങ്ങളുടെ വ്യക്തിത്വ നിർമിതിയിൽ ഇത്രയേറെ പങ്കുവഹിച്ച മറ്റൊരു വ്യക്തിത്വത്തെ ഓർത്തെടുക്കാൻ പ്രയാസപ്പെടുന്നവരാണ്. പ്രായത്തിന്റെ എൺപതുകളിലേക്ക് പ്രവേശിച്ചപ്പോഴും പ്രഭാഷണ ചാതുരിക്ക് ഒരു മങ്ങലുമേറ്റില്ല. മനോഹരമായ ഭാഷയിൽ അക്ഷരസ്ഫുടതയോടെ നിർഗളിച്ച ആ വാഗ്മിത അനുവാചകനെ നിർവൃതിദായകമായ ആത്മലയത്തിലെത്തിക്കും.
മതവിഷയങ്ങളിൽ മാത്രമല്ല ഭൗതിക വിജ്ഞാനീയങ്ങളുടെ സർവ മേഖലകളിലേക്കും ആ ജ്ഞാനതൃഷ്ണ ഒഴുകിപ്പരന്നു. ആധികാരികവും പ്രമാണബദ്ധവുമായ ഖുർആൻ വ്യാഖ്യാനത്തിന്റെ ലോകത്ത് വിരാജിക്കുമ്പോഴും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഏറ്റവും പുതിയ നേട്ടങ്ങളും സലീം മൗലവിയുടെ ചിന്തയിലും ചർച്ചയിലും കടന്നുവന്നു. അതിലെല്ലാം ഒരു വിദ്യാർഥിയുടെ കൗതുകത്തോടെ കടന്നുചെല്ലാനും പുതിയ അറിവുകൾ നേടി വിജ്ഞാനമണ്ഡലം വികസിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഏത് വിഷയത്തെക്കുറിച്ച അന്വേഷണങ്ങൾക്കും പഴുതടച്ച മറുപടി നൽകാനുള്ള അദ്ദേഹത്തിന്റെ അപാര കഴിവ് സർവരാലും പ്രകീർത്തിക്കപ്പെട്ടു.
എന്റെ പതിമൂന്നാം വയസ്സിൽ ആരംഭിച്ചതാണ് സലീം മൗലവിയുമായുള്ള ഹൃദയബന്ധം. ശാന്തപുരം കോളജിലെ പഠനകാലത്തുതന്നെ നിരവധി സംവാദങ്ങളിലും ഖണ്ഡനങ്ങളിലും പങ്കുകൊണ്ട സലീം മൗലവിക്ക് സമുദായത്തിലെ വിവിധ സംഘടനാ നേതാക്കളുമായി ഊഷ്മള ബന്ധമുണ്ടായിരുന്നു. ശൈഖ് നാദിർ നൂരിയുടെ നേതൃത്വത്തിൽ കുവൈത്തിൽ വിവിധ സംഘടനാ നേതാക്കൾ ഒപ്പുവെച്ച പ്രസിദ്ധമായ ഐക്യകരാറിന്റെ ശിൽപികളിൽ ഒരാളായിരുന്നു സലീം മൗലവി. പണ്ഡിതസഭയായ ഇത്തിഹാദുൽ ഉലമ കേരളയുടെ പ്രസിഡന്റാണ്.
രോഗബാധിതനായി വർഷങ്ങൾ പിന്നിട്ടിട്ടും, കാൻസർരോഗ ചികിത്സയുടെ ഏറ്റവും പുതിയ സങ്കേതങ്ങൾ പഠിച്ച് തന്നിൽ പരീക്ഷിക്കുകയായിരുന്നു അദ്ദേഹം. രോഗം അദ്ദേഹത്തെ പൂർണമായും കീഴ്പ്പെടുത്തിയിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. ഒടുവിലത്തെ ഏതാനും മാസങ്ങളൊഴിച്ചാൽ വരുന്നവരോടെല്ലാം ദീർഘസംസാരത്തിൽ ഏർപ്പെടാനും മടികാണിച്ചില്ല. ‘ഖുർആൻ ദുർവ്യാഖ്യാനത്തിലെ ഒളിയജണ്ടകൾ’ എന്ന വിശ്രുത ഗ്രന്ഥത്തിന്റെ പ്രകാശനം എറണാകുളം ടൗൺഹാളിൽ നടന്നപ്പോൾ ശ്രദ്ധേയമായ പ്രഭാഷണം കാഴ്ചവെച്ച സലീം മൗലവി, അന്ന് എറണാകുളം ഗ്രാൻഡ് മസ്ജിദിൽ ഖുതുബയും നിർവഹിച്ചു. തലേദിവസം വരെ ആശുപത്രിക്കിടക്കയിലായിരുന്ന അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രഭാഷണങ്ങൾ, രോഗത്തിനു തന്നെ കീഴ്പ്പെടുത്താനാവില്ല എന്ന പ്രഖ്യാപനമായിരുന്നു.
കോഴിക്കോട് പട്ടാളപ്പള്ളി, മുഹ്യിദ്ദീൻ പള്ളി, ലുഅ്ലുഅ് മസ്ജിദ് ഉൾപ്പെടെ കേരളത്തിലെ പ്രശസ്തമായ പല പള്ളികളിലും ശ്രദ്ധേയ ഖുതുബകൾ നടത്തി.അറബി, ഉർദു, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്ത സലീം മൗലവി ഈ ഭാഷകളിലെല്ലാം പ്രഭാഷണം നടത്തുകയും ലേഖനങ്ങൾ എഴുതുകയും ചെയ്തു. ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ശൈഖ് യൂസുഫുൽ ഖർദാവിക്ക് കുവൈത്തിലെ ജംഇയ്യതുൽ ഇസ്ലാഹ് ഒരുക്കിയ സ്വീകരണ സമ്മേളനം. ഗുരുനാഥൻ കൂടിയായ ഖർദാവിയുടെ അറബി പ്രസംഗം തത്സമയം ഇംഗ്ലീഷിലേക്കും ഉർദുവിലേക്കും മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയ സലീം മൗലവി അറബികളും ഏഷ്യക്കാരും യൂറോപ്യരും അടങ്ങിയ സദസ്സിനെ അക്ഷരാർഥത്തിൽ ഇരുത്തിക്കളഞ്ഞതിനു സാക്ഷിയായിരുന്നിട്ടുണ്ട്. പരിപാടി കഴിഞ്ഞ് ഡോ. യൂസുഫുൽ ഖർദാവി സുഹൃദ്വൃന്ദത്തിൽ പറഞ്ഞത് ഒരു വലിയ സാക്ഷ്യപത്രമാണ്: ‘‘സാധാരണഗതിയിൽ എല്ലാവരും ഗുരുവര്യന്മാരെക്കുറിച്ച് അഭിമാനിക്കുന്നവരാണ്. എന്നാൽ, എന്റെ സന്തോഷം പണ്ഡിതനും ചിന്തകനും പ്രഭാഷകനുമായ മുഹമ്മദ് സലീമിന്റെ ഗുരുനാഥനാകാൻ ഭാഗ്യം ലഭിച്ചതിലാണ്’’.
വിജ്ഞാനരംഗത്ത് മാത്രമല്ല സലീം മൗലവി ചരിത്രം കുറിച്ചത്. വിജയിച്ച വ്യവസായിയും വ്യാപാരിയും ആയിരുന്നു അദ്ദേഹം. ഖത്തർ, ദുബൈ, കുവൈത്ത്, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപാരശൃംഖല സ്ഥാപിച്ച അദ്ദേഹം വരുമാനത്തിൽ നിന്നൊരു വിഹിതം മത പ്രബോധന-ജീവകാരുണ്യ ജ്ഞാനസേവന തുറകളിലും വിനിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.