കോഴിക്കോട്: തന്‍റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കഴിഞ്ഞ ദിവസം പൊന്നാനി ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച പോസ്റ്റിൽ ശ്രീരാമകൃഷ്ണന്‍റെ അക്കൗണ്ടിൽ നിന്നുതന്നെ അദ്ദേഹത്തിന് അഭിനന്ദന കമന്‍റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
പൊന്നാനിയിൽ നിർമാണാനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ 'എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാൻ തന്നേ കമന്‍റ് ചെയ്തതായി' കാണുകയുണ്ടായി. മിനിട്ടുകൾ കൊണ്ട് ആ കമന്‍റിൽ നിരവധി റിയാക്ഷനുകളും റിപ്ലേ കമന്‍റുകളും വരികയും, സ്ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടുവെന്ന് സ്പീക്കർ പറഞ്ഞു.
തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയിൽ നിന്നും കമന്‍റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് സഹിതം പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതിൽ മറ്റൊന്നുമില്ലെന്ന് എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നതായും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
ഇന്നലെ രാത്രി 8.59ന് കൊച്ചിയിൽ നിന്നും അസാധാരണമായി അക്കൗണ്ട് ലോഗിൻ ചെയ്തതായി കാണിച്ചുള്ള ഫേസ്ബുക് മുന്നറിയിപ്പ് സന്ദേശം ശ്രീരാമകൃഷ്ണൻ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.