പത്തനംതിട്ട: മൈലപ്ര ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പത്തനംതിട്ട സി.ജെ.എം കോടതി അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.വൈദ്യപരിശോധന പൂർത്തിയാക്കി വ്യാഴാഴ്ച ഉച്ചയോടെ പ്രതിയുമായി അന്വേഷണ സംഘം ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് രണ്ടര മണിക്കൂറോളം നീണ്ടു.
വിവരമറിഞ്ഞ് പണം നഷ്ടപ്പെട്ട നിക്ഷേപകരും ബാങ്കിലെത്തിയിരുന്നു. ഇതോടെ കൂടുതൽ പൊലീസുമെത്തി. പ്രതിയെ പുറത്തേക്ക് ഇറക്കുന്നതിനിടെ ഒരു വിഭാഗം പ്രതിക്കുനേരെ പാഞ്ഞടുത്തു. ഇവരെ നിയന്ത്രിച്ചു നിർത്തിയ ശേഷമാണ് പൊലീസ് ജോഷ്വാ മാത്യുവിനെ കൊണ്ടുപോയത്.
തെളിവെടുപ്പിനിടെ പലതവണ രജിസ്റ്ററുകൾ ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും തനിക്കൊന്നുമറിയില്ലെന്നും എല്ലാം പ്രസിഡന്റിന്റെയും ബോർഡ് മീറ്റിങ്ങിന്റെയും തീരുമാനമാണെന്നുമാണ് ജോഷ്വാ മാത്യു ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ഫാക്ടറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചതിൽ കൂടുതൽ ക്രമക്കേട് ഉള്ളതായാണ് സൂചന. 2003ൽ ആരംഭിച്ച ഫാക്ടറി 2006ൽ പ്രൈവറ്റ് ലിമിറ്റഡ് ആക്കിയത് എന്തിനാണെന്ന ചോദ്യത്തിന് ജോഷ്വാ മാത്യു ഒഴിഞ്ഞുമാറി. കൂടാതെ സഹകരണവകുപ്പിന്റെ ഓഡിറ്റ് തടഞ്ഞത് എന്തിനെന്ന ചോദ്യത്തിനും മറുപടി ഉണ്ടായില്ല. ബാങ്ക് സെക്രട്ടറി സ്ഥാനവും ഫാക്ടറിയുടെ എം.ഡി സ്ഥാനവും വഹിച്ചത് നിയമവിരുദ്ധമല്ലേയെന്നതിനും മറുപടി പറഞ്ഞില്ല. ഫാക്ടറിയിൽ ഗോതമ്പ് സ്റ്റോക്കുണ്ടെന്ന് കാണിച്ച് 3.94 കോടിയുടെ കേസിലാണ് അറസ്റ്റും തെളിവെടുപ്പും നടന്നത്.
ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കുന്ന 86.12 കോടിയുടെ കേസിലും ഉടൻ ജോഷ്വാ മാത്യുവിന്റെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനാണ് രണ്ടാം പ്രതി. കേസുമായി ബന്ധപ്പെട്ട അന്വേഷണവും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. മുൻ സി.പി.എം ഏരിയ കമ്മിറ്റി അംഗമായിരുന്ന ജെറി ഈശോ ഉമ്മനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.