ബംഗളൂരു: മൈസൂരുവിനു സമീപം കെ.ആർ.എസ് റോഡിൽ കേരളത്തിൽനിന്നുള്ള സ്വകാര്യ ബസുകൾ തടഞ്ഞുനിർത്തി ആറംഗ സംഘം ഡ്രൈവർമാരുടെ പണം കവർന്നു. കത്തിയും മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 1.30ന് എരുവാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബസുകൾ തടഞ്ഞുനിർത്തിയത്. ഡ്രൈവർമാരെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന പണം പിടിച്ചുവാങ്ങി.
പയ്യന്നൂരിൽനിന്ന് ബംഗളൂരുവിലേക്ക് വരുന്ന കൽപകയുടെ രണ്ടു ബസുകളും ഗോൾഡൺ വോൾവോ ബസുമാണ് അജ്ഞാത സംഘം തടഞ്ഞുനിർത്തിയത്. പിന്നാലെ കത്തിയും വടിവാളുമായി ബസിനകത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ഡോർ തുറന്നില്ല. ഡ്രൈവറുടെ വാതിലിനടുത്തെത്തിയ സംഘം കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവർമാരായ പയ്യന്നൂർ സ്വദേശി എം. ഖാദർ (40), ഷാജി, ഭരത് എന്നിവരുടെ പണവും മറ്റുമാണ് നഷ്ടപ്പെട്ടത്.
രോഷാകുലരായ ആക്രമിസംഘം ഗോൾഡൻ വോൾവോ ബസിെൻറ ഗ്ലാസ് തകർത്തു. മറ്റു ബസുകളുടെ ബോഡി അടിച്ചുതകർത്തു. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ കാരണം യാത്രക്കാരുടെ പണവും മറ്റും നഷ്ടപ്പെട്ടില്ല. കൂടുതൽ വാഹനങ്ങളെത്തിയതോടെ ആക്രമിസംഘം ഓടിരക്ഷപ്പെട്ടു. എരുവാൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുക്കാനോ, സ്ഥലം സന്ദർശിക്കാനോ പൊലീസ് തയാറായില്ലെന്ന് ഡ്രൈവർ ഖാദർ പറഞ്ഞു. ബംഗളൂരു കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ മൈസൂരു എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.