എൻ. രാജേഷ് സ്മാരക പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്ന് ഡബ്ല്യു.സി.സി ഭാരവാഹികൾ ഏറ്റുവാങ്ങുന്നു. 

എൻ. രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യു.സി.സിക്ക് സമ്മാനിച്ചു; സ്ത്രീപക്ഷ പോരാട്ടത്തിനുള്ള അംഗീകാരമെന്ന് വി.ഡി. സതീശൻ

കോഴിക്കോട്: സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് കൊണ്ട് അവരുടെ അവകാശത്തിന് വേണ്ടി പോരാടിയതിന്  ഡബ്ല്യു.സി.സിക്ക് ലഭിച്ച അംഗീകാരമാണ് മാധ്യമം ജേർണലിസ്റ്റ് യൂണിയന്‍റെ എൻ. രാജേഷ് സ്മാരക പുരസ്കാരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണമോ അധികാരമോ ഇല്ലാതെ വലിയൊരു സംവിധാനത്തിനെതിരെയാണ് ഡബ്ല്യു.സി.സി പോരാടിയത്. സംവിധാനത്തെ പരസ്യമായി വിമർശിച്ച ഒരു സ്ത്രീകൂട്ടായ്മക്ക് ലഭിക്കുന്ന ആദ്യ അംഗീകാരമാണിതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് നടന്ന ചടങ്ങിൽ എൻ. രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യു.സി.സിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡബ്ല്യു.സി.സിയുടെ പോരാട്ടത്തിന് നമ്മളെല്ലാം കൂടെനിന്നു. ഡബ്ല്യു.സി.സി ഉയർത്തുന്ന വിഷയങ്ങളിൽ രാഷ്ട്രീയം കാണരുതെന്ന് തുടക്കം മുതൽ താൻ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം കലർത്താതിരിക്കുന്നതാണ് നല്ലത്. ഒരു സ്ത്രീപക്ഷ നിലപാടാണിതെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കുട്ടികളടക്കമുള്ളവർക്ക് സിനിമ രംഗത്ത് വരണമെന്നും അഭിനയിക്കണമെന്നും ശ്രദ്ധിക്കപ്പെടണമെന്നുമുള്ള ആഗ്രഹം സ്വഭാവികമാണ്. സിനിമ മേഖലയിൽ എത്തുന്ന സ്ത്രീകളോട് കാണിച്ചിട്ടുള്ള അനീതിയും തെറ്റുകളും ഒരു തൊഴിലിടത്തിൽ നീതി നിഷേധിക്കപ്പെട്ടതിന്‍റെ സംഭവമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് സിനിമ മേഖലയില്‍ നിന്നും പുറത്തുവരുന്നത്. ധാരാളം ഇരകള്‍ നല്‍കിയ മൊഴികള്‍ സംസ്ഥാന സര്‍ക്കാറിന്‍റെ കൈയ്യില്‍ രേഖകളായുണ്ട്. അത് പൂഴ്ത്തിവെക്കുന്നത് കുറ്റകൃത്യമാണ്. പൊതുസമൂഹത്തെ അപമാനിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തെറ്റുചെയ്തവരില്‍ വ്യക്തിപരമായി അടുപ്പമുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. തെറ്റുകാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാത്തത് ക്രൂരതയാണ്. ആരോപണങ്ങൾ വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അതില്‍ പോലും രണ്ട് പുരുഷന്മാരെ ഉൾപ്പെടുത്തി. പുതിയ ആരോപണങ്ങള്‍ മാത്രം അന്വേഷിക്കുന്നത് വിചിത്രമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

ഡബ്ല്യു.സി.സിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ തിരക്കഥാകൃത്ത് ദീദി ദാമോരൻ മറുപടി പ്രസംഗം നടത്തി. കേവലം ഒരു വ്യക്തിക്കല്ല, സംഘടനയുടെ കൂട്ടായ നിലപാടിനാണ് പുരസ്കാരം നൽകുന്നതെന്ന് വ്യക്തമാക്കിയതിനാലാണ് ഡബ്ല്യു.സി.സി പുരസ്കാരം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ദീദി ദാമോരൻ പറഞ്ഞു.

കോഴിക്കോട് ശ്രീ ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 'ദ ജേർണലിസ്റ്റ്' ജേർണൽ പ്രകാശനവും വി.ഡി. സതീശൻ നിർവഹിച്ചു. സാംസ്കാരിക പ്രവർത്തകൻ കെ.ഇ.എൻ ഏറ്റുവാങ്ങി. ടി. നിഷാദ് (പ്രസാധകൻ, എം.ജെ.യു ജേർണൽ) ജേർണൽ പരിചയപ്പെടുത്തി. മാധ്യമ പ്രവർത്തക സോഫിയ ബിന്ദ് രാജേഷ് അനുസ്മരണ പ്രഭാഷണവും ന്യൂസ് മിനിട്ട്സ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി.

മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാധ്യമ സംരംഭകൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, കെ.യു.ഡബ്ല്യു.ജെ നിയുക്ത പ്രസിഡന്റ് കെ.പി. റെജി, അബ്ദുൽ ഹമീദ് (മാധ്യമം എംപ്ലോയീസ് യൂനിയൻ) എന്നിവർ സംസാരിച്ചു. മാധ്യമം ജേർണലിസ്റ്റ് യൂണിയന്‍ (എം.ജെ.യു) പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി സുൽഹഫ് സ്വാഗതവും ട്രഷറർ എ. ബിജുനാഥ് നന്ദിയും പറഞ്ഞു.

Tags:    
News Summary - N. Rajesh Memorial Award presented; V.D. Satheesan said that W.C.C got approval for women's fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.