നജീബ് കാന്തപുരം എം.എൽ.എ 

'ആ മൂന്ന് കുഞ്ഞു മക്കൾ എന്നെ പറ്റി ചേർന്ന് നിന്നു; എന്‍റെ ഉപ്പ ഞങ്ങളെ പിരിയുമ്പോൾ ഇതുപോലെ മൂന്ന് സഹോദരങ്ങളായിരുന്നു എന്‍റെ ചുറ്റും'

പെരിന്തൽമണ്ണ: വീട്‌ പുലർത്തിയിരുന്ന ആൾ പെട്ടെന്ന് മരണപ്പെടുമ്പോൾ അനാഥമാകുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പഠനം ഏറ്റെടുക്കുന്ന പദ്ധതിയുമായി നജീബ് കാന്തപുരം എം.എൽ.എ. മണ്ഡലത്തിൽ നടപ്പാക്കുന്ന 'ക്രിയ' വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് കുഞ്ഞുങ്ങളുടെ പഠനം ഏറ്റെടുക്കുക. ഹൃദയത്തിൽ തൊടുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് നജീബ് കാന്തപുരം എം.എൽ.എ ഇക്കാര്യം പ്രഖ്യാപിച്ചത്.

എം.എൽ.എയുടെ കുറിപ്പ് ഇങ്ങനെ:-

വീട്‌ ഇരുട്ടായി പോയവരുടെ കൂടെ...

കഴിഞ്ഞ ദിവസം എന്‍റെ നിയോജകമണ്ഡലത്തിലെ മണ്ണാർമലയിൽ മരണപ്പെട്ട യുവാവിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങിപോന്നതിനു ശേഷം മനസിൽ നിന്ന് ഒരു നീറ്റൽ മാറുന്നേയില്ല.

വഴിയോരക്കച്ചവടക്കാരനായിരുന്ന ആ നാൽപത്തിരണ്ടുകാരന്‍റെ മൂന്ന് മക്കളുടെ മുഖമാണ്‌ മനസു നിറയെ.

ഞാൻ അവിടെയെത്തിയപ്പോൾ ആ മൂന്ന് കുഞ്ഞു മക്കൾ എന്നെ പറ്റി ചേർന്ന് നിന്നു. അവർക്ക്‌ അവരുടെ ഉപ്പയെ പറ്റി എന്തൊക്കെയോ പറയണമെന്ന് തോന്നി. എന്‍റെ കണ്ണു നിറയാതിരിക്കാൻ ഞാൻ ആവുന്നതും നോക്കി.

എന്‍റെ ഉപ്പ ഞങ്ങളെ പിരിയുമ്പോൾ ഇതുപോലെ മൂന്ന് സഹോദരങ്ങളായിരുന്നു എന്‍റെ ചുറ്റും. ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്ന് പൊടുന്നനെ മാറുമ്പോൾ ആ വീട്‌ എങ്ങനെയാണ്‌ ഇരുട്ടിലാവുകയെന്ന് എനിക്ക്‌ അനുഭവം കൊണ്ടുതന്നെ അറിയാം.

ഞാൻ അവിടെയുള്ള ബന്ധുക്കളോട്‌ പറഞ്ഞു. ഈ കുട്ടികളെ ഞങ്ങൾ പഠിപ്പിച്ചോളാം. അവരുടെ ഭാവിയിലെ എല്ലാ പഠനവും ഞങ്ങൾ ഏറ്റെടുക്കാം.

ഞങ്ങൾ കാറിൽ കയറി തിരിച്ചു വരുമ്പോൾ ഞാൻ ചോദിച്ചു.

ഇത്‌ പോലെ തന്നെ ഒരുപാട്‌ കുട്ടികൾ നമ്മുടെ മണ്ഡലത്തിലുണ്ടാവുമോ ?

അവർ പറഞ്ഞു. ഉണ്ടാവും.

അപ്പോൾ അവരെ കൂടെ നമ്മൾ ഏറ്റെടുത്താലോ ?

ഉറപ്പായും...

അതെ,

ഉറപ്പായുമുണ്ടാകും.

വീട്‌ പുലർത്തിയിരുന്ന ആൾ പൊടുന്നനെ മരണപ്പെട്ട്‌ പോയ കുടുംബങ്ങൾ.

ഞങ്ങൾ അവരെ ഏറ്റെടുക്കുകയാണ്‌.

മണ്ഡലത്തിലെ ഏത്‌ കുടുംബത്തിനും അപേക്ഷ നൽകാം.

ആ കുടുംബത്തിന്റെ പഠന കാര്യങ്ങൾ നോക്കാൻ അവരുടെ വാർഡ്‌ മെംബറെ തന്നെ ചുമതലപ്പെടുത്തുകയുമാവാം.

'ക്രിയ' ഇനി അനാഥരായ കുട്ടികളുടെ രക്ഷിതാവായുണ്ടാകും.

ഇൻഷാ അല്ലാഹ്‌ !!

Tags:    
News Summary - Najeeb kanthapuram mla facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.