തൃശൂർ: ശബരിമല യുവതീപ്രവേശന വിധിക്കെതിരായ സമരത്തോടെ കേരളം ലോകത്തിന് മുന്നിൽ പരിഹാസ്യമായെന്ന് സുനിൽ പി. ഇളയിടം. കേരളത്തിെൻറ മിഥ്യാഭിമാന ബോധത്തെ റദ്ദാക്കിക്കളഞ്ഞ സമരമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച സമത്വ സംഗമത്തിെൻറ ഭാഗമായി നടന്ന 'ആചാരങ്ങൾ ലംഘിക്കപ്പെടുന്ന കേരളം' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം എന്ന നിലയിൽ കേരളം നേരിടുന്ന വലിയ പ്രതിസന്ധി നാം സാമൂഹികമായി ആർജിച്ചുവെന്ന് പറയപ്പെടുന്ന അവബോധവും ജീവിതപ്രയോഗങ്ങളും തമ്മിലുള്ള അതിഭീമമായ വിടവാണ്. താൻ അശുദ്ധയാണ് എന്ന് തെരുവുകൾ തോറും വിളിച്ചുപറഞ്ഞു നടക്കുന്ന സ്ത്രീകളിൽ എം.എസ്സിക്കാരും എം.എക്കാരുമൊക്കെയുണ്ട്. പാഴായിപ്പോയ ജീവിതങ്ങളാണ് ഇവരുടേത്. നമ്മുടെയെല്ലാം സൂക്ഷ്മജീവിതത്തിലേക്ക് രാഷ്ട്രീയം കൊണ്ടുവരാനും അതിനെ ജനാധിപത്യവത്കരിക്കാനും ഉള്ള വിപുലമായ രാഷ്ട്രീയകാര്യ പരിപാടിയായി ഈ സമരം മാറുമെന്ന് പ്രത്യാശിക്കാമെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു.
മൃതമായ ഭരണഘടനക്ക് ജീവൻ വെപ്പിക്കുക എന്നതാണ് ഈ സന്ദർഭത്തിൽ നമ്മുടെ മുന്നിലുള്ള ലക്ഷ്യമെന്ന് ഡോ. ജയശ്രീ അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങളെ തകിടം മറിക്കുന്ന ആചാരങ്ങളാണ് ശബരിമലയിൽ ഇപ്പോൾ നടക്കുന്നതെന്ന് മലയരയസഭ നേതാവായ പ്രഭാകരൻ അഭിപ്രായപ്പെട്ടു. ശബരിമലയിൽ നൃത്തം ചെയ്യാനായി പോയപ്പോൾ തനിക്കും മറ്റൊരു ട്രാൻസ്ജെൻഡറിനും ഉണ്ടായ മോശം അനുഭവം ശീതൾ ശ്യം തുറന്നുപറഞ്ഞു.
ശബരിമലയിൽ ആദിവാസികളുടെ വനാവകാശവും വംശീയ അധികാരവും തിരിച്ചുനൽകണമെന്ന് ആദിവാസി നേതാവായ എം. ഗീതാനന്ദൻ ആവശ്യപ്പെട്ടു. ശബരിമലയിൽ ദലിത് സ്ത്രീ പോകേണ്ട കാര്യമെന്തായിരുന്നു എന്ന് ചോദിച്ചുകൊണ്ടാണ് താൻ ഇപ്പോഴും നിരന്തരം ആക്രമിക്കപ്പെടുന്നതെന്ന് തുടർന്ന് നടന്ന ഫെമിനിസ്റ്റ്ക്വിയർ മീറ്റിൽ ബിന്ദു തങ്കം കല്യാണി പറഞ്ഞു. ശ്രീജ ആറങ്ങോട്ടുകര, അഡ്വ. ആഷ, കുക്കു ദേവകി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് നടന്ന സമത്വസംഗമ റാലിയിൽ സ്ത്രീകളും പുരുഷന്മാരും ട്രാൻസ്ജെൻഡറുകളുമായി ആയിരത്തോളം പേർ പങ്കെടുത്തു. ആട്ടവും പാട്ടും നവോത്ഥാന നായകരുടെ പ്ലക്കാർഡുകളുമേന്തി സാഹിത്യ അക്കാദമിയിൽ നിന്നും പുറപ്പെട്ട റാലി സ്വരാജ് റൗണ്ട് ചുറ്റി അക്കാദമിയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.