കോഴിക്കോട് : അന്യാധീനപ്പെട്ട കുടുംബ ഭൂമി ഒരു മാസത്തിനകം ലഭിച്ചില്ലെങ്കിൽ ആഗസ്റ്റ് 19 ന് കൃഷി ആരംഭിക്കുന്നുമെന്ന് ഗായിക നഞ്ചിയമ്മ. അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസിലെത്തി തഹസിൽദാരുമായി ചർച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അവർ. വ്യാജ ആധാരം ഉണ്ടാക്കി ഭൂമി തട്ടിയെടുത്തവരുടെ നികുതി രസീത് റദ്ദ് ചെയ്യണമെന്ന് വഞ്ചിയമ്മ തഹസിൽദാരോട് ആവശ്യപ്പെട്ടു.
ടി.എൽ.എ കേസിൽ ഹൈകോടതിയിൽ സ്റ്റേ നിലനിൽക്കുന്നതിനാൽ തുടർനടപടി അസാധ്യമാണെന്ന് തഹസിൽദാർ ഓഫീസർ വിശദീകരിച്ചു. ഹൈക്കോടതിയിൽനിന്ന് ഒരു മാസത്തേക്കാണ് സ്റ്റേ കിട്ടിയതെന്ന് അത് കഴിഞ്ഞുവെന്നും അതിനാൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടു. മന്ത്രി കെ. രാജൻ നിയമസഭയിൽ പ്രഖ്യാപിച്ചത് പ്രകാരം അസിസ്റ്റൻറ് ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം വ്യാജരേഖ ഉണ്ടാക്കിയാണ് കെ.വി മാത്യു ഭൂമി കൈയേറിയെന്ന് വ്യക്തമായി.
അതിൽനിന്ന് 50 സന്റെ് ഭൂമിയാണ് നിരപ്പത്ത് ജോസഫ് കുര്യന് കൈമാറിയത്. കെ.വി മാത്യു കോടതിയിൽ ഹാജരാക്കിയ വില്ലേജ് ഓഫീസിലെ നികുതി രസീത് അഗളി വില്ലേജിൽനിന്ന് നൽകിയതല്ലെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. അതിനാൽ നടപടി സ്വീകരിക്കണമെന്നായിരുന്നു നെഞ്ചിയമ്മയുടെ വാദം. ഇക്കാര്യത്തിൽ തഹസീദാർ ഭൂമാഫിയ സംഘത്തെ സഹായിക്കുകയാണെന്ന് ചർച്ചയിൽ നഞ്ചിയമ്മയോടൊപ്പം പങ്കെടുത്ത സുകുമാരൻ അട്ടപ്പാടിയും ടി.ആർ ചന്ദ്രനും പറഞ്ഞു.
പ്രസിഡൻറ് ദ്രൗപദി മുർമുവിന് നഞ്ചിയമ്മ എഴുതിയ കത്തിൽ വിശദീകരണം തേടുമെന്നത് സർക്കാരിന് പ്രതിസന്ധിയാവും. അതിനാലാണ് ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ മന്ത്രി കെ. രാജൻ നിർദേശം നൽകിയത്. പാലക്കാട് കലക്ടർ നേരത്തെ ഒറ്റപ്പാലം സബ് കലക്ടർക്ക് നൽകിയ ഉത്തരവിൽ ഹിയറിങ് നടത്തി തുടർനടപടി സ്വീകരിക്കണമെന്നായിരുന്നു. ഭൂമി കൈയേറിവർക്ക് അടക്കം സബ് കലക്ടർ ഹിയറിങ്ങിന് നോട്ടീസ് നൽകിയപ്പോഴാണ് നടപടി സ്വീകരിക്കുന്നതിനെതിരെ നിരപ്പത്ത് ജോസഫ് കുര്യൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അട്ടപ്പാടിയിലെ ഭൂമാഫിയ സംഘങ്ങൾ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു മാർഗമാണ് ഹൈ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുക എന്നത്. ആദിവാസിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്ന സർക്കാർ വക്കീലന്മാർ നിയമ നടപടി വൈകിക്കും. അതോടെ ആദിവാസി കേസിൽനിന്ന് പിൻവാങ്ങും. നഞ്ചിയമ്മയുടെ കാര്യത്തിലും നിയമ നടപടി വൈകിപ്പിക്കാനാണ് ജോസഫ് കുര്യനും കെ.വി മാത്യവും ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.