കൊച്ചി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെയും തന്നെയും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. സംസ്ഥാനത്ത് ഇടതുമുന്നണി സഹായിച്ചാൽ ബി.ജെ.പിക്ക് ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ.പിയോട് പറഞ്ഞു. തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിന് സഹായിച്ചാൽ എസ്.എൻ.സി ലാവലിൻ കേസ്, നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസ് എന്നിവ അവസാനിപ്പിക്കാമെന്ന് ഉറപ്പ് കൊടുത്തെന്നും നന്ദകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇ.പി ഉറപ്പുനൽകാത്തതിനാൽ ചർച്ച പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ചായിരുന്നു ജാവദേക്കറുമായുള്ള കൂടിക്കാഴ്ച. തൃശൂർ സി.പി.ഐ സീറ്റായതിനാൽ ചർച്ച വഴിമുട്ടി. ചർച്ച വിജയിച്ചെങ്കിൽ എസ്.എൻ.സി ലാവലിൻ കേസ് അവസാനിപ്പിക്കുമായിരുന്നു. സാക്ഷികൾ മരിച്ചെന്നും കേസ് കാലഹരണപ്പെട്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുമായിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് ജയരാജന് നേരത്തേ വിവരം നൽകിയിരുന്നില്ല. ബി.ജെ.പിയിൽ ചേരാൻ ജയരാജൻ ചർച്ച നടത്തിയിട്ടില്ലെന്നും നന്ദകുമാർ വ്യക്തമാക്കി.
ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാൻസായി അവർക്ക് താൻ 10 ലക്ഷം നൽകിയത്. ആ പണമാണ് തിരികെ കിട്ടാത്തത്. ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നു. അവർ അന്യായമായി കൈവശംവെച്ച ഭൂമിയാണ് തന്നോട് വിൽക്കാൻ പറഞ്ഞത്. ഉടമ അറിയാതെ വിൽപനക്ക് ശ്രമിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷന് ശോഭ നൽകിയ സ്വത്തുവിവരത്തിൽ ഈ ഭൂമി ഉൾപ്പെടുത്തിയിട്ടില്ലെന്നും നന്ദകുമാർ ആരോപിച്ചു.
കെ.പി.സി.സി പ്രസിഡന്റായിരുന്നില്ലെങ്കിൽ സുധാകരൻ ബി.ജെ.പിയിൽ
കൊച്ചി: കെ.പി.പി.സി അധ്യക്ഷനായിരുന്നില്ലെങ്കിൽ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരൻ ബി.ജെ.പി അധ്യക്ഷനായേനെയെന്ന് ദല്ലാൾ നന്ദകുമാർ. സുധാകരന് ബി.ജെ.പിയുടെ ചൂണ്ടയില്‍ വീണതായിരുന്നു. കെ.പി.പി.സി പ്രസിഡന്റ് സ്ഥാനം കിട്ടിയതോടെയാണ് അദ്ദേഹം ചാടിപ്പോയത്. ജാവ്ദേക്കര്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. കെ. മുരളീധരനുമായും രമേശ് ചെന്നിത്തലയുമായൊക്കെ സംസാരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ ശോഭ സുരേന്ദ്രനാണ് സംസാരിച്ചതെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.