നഞ്ചിയമ്മയുടെ ഭൂമി: മന്ത്രിയെ റവന്യൂ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആക്ഷേപം

കോഴിക്കോട്: മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി കെ. രാജനെ റവന്യൂ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആക്ഷേപം. 'മാധ്യമം ഓൺലൈൻ' വാർത്തയെതുടർന്നാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജ രേഖയുണ്ടാക്കി ഭൂമാഫിയ തട്ടിയെടുക്കുന്നത് സംബന്ധിച്ച് കെ.കെ. രമ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചത്.

1975ലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കല്‍ നിയമപ്രകാരം 1995ൽ നഞ്ചിയമ്മയുടെ കുടുംബത്തിന് അനുകൂലമായിട്ടാണ് ഉത്തരവുണ്ടായത്. ഇരുകക്ഷികളും തമ്മിൽ ഭൂമിയുടെ മേൽ പിന്നീട് അവകാശത്തർക്കം നിലനിന്നത് 1999ലെ നിയമപ്രകാരമാണ്. അതിനാൽ 1995നും ആർ.ഡി.ഒ ഉത്തരവ് നൽകിയ 2020നും ഇടയിൽ നിയമപരമായി ഭൂമി കൈമാറ്റം ചെയ്യാനാവില്ല.

കന്തസ്വാമിയോ നാഗമൂപ്പനോ ഇക്കാലത്ത് ഭൂമി വിൽപനയോ കൈമാറ്റമോ നടത്തിയിട്ടില്ല. 2020ലെ ഉത്തരവിന് മുമ്പ് വീണ്ടും ഹിയറിങ് നടത്തിയിരുന്നു. കന്തസ്വാമിയും നാഗമൂപ്പനും തമ്മിലുള്ള അവകാശ തർക്കം നിൽക്കെ ഈ ഭൂമി എങ്ങനെ കൈമാറ്റം ചെയ്തുവെന്ന ചോദ്യം അവിടെയുണ്ടായില്ല.

റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഭൂമാഫിയയെ സഹായിച്ചു. കന്തസ്വാമിക്ക് പകരം ഭൂമിയുടെ അവകാശികളായി കലക്ടറുടെ മുന്നിൽ എത്തിയിരിക്കുന്നത് കെ.വി മാത്യുവും ജോസഫ് കുര്യനും മാരിമുത്തുവെന്ന ഇബ്രാഹിമും ആണ്. അവരാണ് 1999നു ശേഷം വ്യാജ ആധാരം ഉണ്ടാക്കിയത്.

ഇക്കാര്യം കെ.കെ. രമ ശ്രദ്ധക്ഷണിക്കലിൽ അടിവരയിട്ടു ചൂണ്ടിക്കാണിച്ചിട്ടും മന്ത്രിയുടെ മറുപടിയിൽ ആ ഭാഗം റവന്യൂ ഉദ്യോഗസ്ഥർ ബോധപൂർവം ഒഴിവാക്കിയെന്നാണ് ഭൂമിയുടെ അവകാശികളായ ആദിവാസികൾ പറയുന്നത്. റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ സത്യം പറയുന്നില്ല.

1999 ലെ നിയമപ്രകാരമുള്ള വിചാരണയിൽ ഭൂമി സംബന്ധിച്ച് ചില കാര്യങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ ഇപ്പോഴും മറച്ചുവെച്ചിരുന്നു. അതിനാൽ ആർ.ഡി.ഒയുടെ 2020ലെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഞ്ചിയമ്മയും കുടുംബവും കലക്ടർക്ക് അപ്പീൽ നൽകിയത്. റവന്യൂ ഉദ്യോഗസ്ഥർ കൈമാറ്റത്തെക്കുറിച്ച് പരിശോധിച്ചാൽ കെ.വി മാത്യുവിന്റെയും ജോസഫ് കുര്യന്റേയും കൈയിലേക്ക് ഭൂമിയെത്തിയ വഴി കണ്ടെത്താമെന്നും ആദിവാസികൾ പറയുന്നു. 

Tags:    
News Summary - Nanjiamma's land: Allegation that officials misled the minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.