കൊച്ചി: ജനങ്ങള്‍ക്ക് ഉപയോഗപ്പെട്ടില്ളെങ്കില്‍ വികസനംകൊണ്ട് കാര്യമില്ളെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍. ഏറ്റവും താഴത്തേട്ടിലുള്ള വ്യക്തിയുടെ വികസനമാണ് രാജ്യത്തിന്‍െറ പുരോഗതിക്ക് ആവശ്യം. എന്നാല്‍, ഈ രംഗത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഇതില്‍ നിര്‍ണായക പങ്ക്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുക എന്നത് മാത്രമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചെയ്യാനാവുകയെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസമായി കൊച്ചിയില്‍ നടന്ന ബ്രിക്സ് സമ്മേളനത്തിന്‍െറ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ജനങ്ങളും തയാറാകണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന മൂലധനം ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തിയില്ളെങ്കില്‍ ഫണ്ട് കൊണ്ട് പ്രയോജനമില്ല. വികസനമെന്നാല്‍ തദ്ദേശവാസികളുടെ മാനസികവും സാമൂഹികവുമായ ഉന്നമനമാണ്. ത്രിതല പഞ്ചായത്തുകളുടെ കാര്യത്തില്‍ കേരളം എന്നും രാജ്യത്തിന് മാതൃകയായിരുന്നു. ബ്രിക്സ് സമ്മേളനത്തിലൂടെ കേരളത്തിന്‍െറ മാതൃക അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു.
കുറഞ്ഞ ശിശുമരണനിരക്ക്, സാര്‍വത്രിക വിദ്യാഭ്യാസം, മികച്ച ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ കേരളത്തിന്‍െറ ശരാശരി വികസിതരാജ്യങ്ങള്‍ക്കൊപ്പമാണെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. എന്നാല്‍, സ്ത്രീ ശാക്തീകരണത്തിലും പരിസ്ഥിതിവിഷയങ്ങളിലും കേരളം പിന്നാക്കമാണ്. പരിസ്ഥിതിവിഷയത്തില്‍ കേരളം ദുരന്തത്തിന്‍െറ വക്കിലാണ്. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ താഴത്തേട്ടിലുള്ള ബോധവത്കരണം വേണം. തദ്ദേശ പങ്കാളിത്ത ആസൂത്രണത്തിന് ഈ വിഷയത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികള്‍, സ്ത്രീകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് തദ്ദേശ ബജറ്റില്‍ നല്‍കേണ്ട പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു അവസാന ദിവസം നടന്ന ചര്‍ച്ചകള്‍. പങ്കാളിത്ത ബജറ്റിലെ ഝാര്‍ഖണ്ഡ് മാതൃക ചര്‍ച്ച നയിച്ച നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് പഞ്ചായത്ത്രാജ് ഡയറക്ടര്‍ ജനറല്‍ ഡോ.ഡബ്ള്യു.ആര്‍ റെഡ്ഡി എടുത്തു പറഞ്ഞു.
തദ്ദേശ ബജറ്റിലെ റഷ്യന്‍ മാതൃകയും ചര്‍ച്ചയില്‍ അവതരിക്കപ്പെട്ടു. റഷ്യയിലെ ലോകബാങ്ക് പ്രാദേശിക പങ്കാളിത്ത പദ്ധതിയുടെ കര്‍മസേന തലവന്‍ ഇവാന്‍ ഷുല്‍ഗയാണ് വിഷയാവതരണം നടത്തിയത്. കേന്ദ്ര പഞ്ചായത്ത്രാജ ്വകുപ്പ് ജോയന്‍റ് സെക്രട്ടറി സഞ്ജീവ് പട്ജോഷി സമാപന സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമവികസന വകുപ്പ് സെക്രട്ടറി ജെ.എസ് മാഥുര്‍, റഷ്യന്‍ ഫെഡറേഷന്‍ ബഷ്കോറുസ്റ്റാന്‍ പ്രവിശ്യ പ്രധാനമന്ത്രി റുസ്തം മര്‍ഡനോവ്, ബ്രസീല്‍ എംബസി പ്രതിനിധി ഫാബിയാനോ, ചൈനീസ് എംബസി ഫസ്റ്റ് ഓഫിസര്‍ കാവോ ഹായിജുന്‍ എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.