ഇടുക്കി ജില്ല കലക്ടർ ഷീബ ജോർജ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് പോളിന് നൽകി പതാക വിതരണം ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കിയിൽ വിതരണം ചെയ്തത് തെറ്റായ ദേശീയ പതാക; ഒരുലക്ഷം പതാകകൾ തിരിച്ചുവാങ്ങി

തൊടുപുഴ: ഇടുക്കിയിൽ 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ വീടുകളിൽ ഉയര്‍ത്താൻ വിതരണം ചെയ്ത ദേശീയ പതാകയിൽ പിഴവ്. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിച്ചില്ല. ഒരു ലക്ഷത്തോളം പതാകകളാണ് ഇങ്ങനെ പാഴായത്. കുടുംബശ്രീ വഴി വിതരണത്തിന് എത്തിച്ചവയാണ് ഇവ.

കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ വിതരണോദ്ഘാടനം നിർവഹിച്ച ശേഷമാണ് പതാകകളിലെ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീടുകളില്‍ വിതരണം ചെയ്ത പതാകകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരിച്ചുവാങ്ങി.

30 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പതാകകള്‍ നിര്‍മിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരല്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരുന്നു കരാർ. എന്നാല്‍, ഇവർ സ്വന്തമായി ദേശീയ പതാക നിര്‍മിക്കുന്നതിന് പകരം ബംഗളൂരുവിലെ രണ്ടു കമ്പനികൾക്ക് ചുമതല ഏൽപിച്ചു. ഇങ്ങനെ വാങ്ങിയ പതാകകളാണ് ഉപയോഗ ശൂന്യമായത്.

അതേസമയം, ഒരു പതാകക്ക് 28 രൂപ സർക്കാർ അനുവദിച്ചിരുന്നെങ്കിലും അതിനേക്കാൾ കുറഞ്ഞ ഗുണനിലവാരത്തിലുള്ളവയാണ് വിതരണം ചെയ്തത്. ഇതിന്റെ മറവിൽ ക്രമക്കേട് നടന്നതായാണ് ഉയരുന്ന ആരോപണം. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂല്‍ക്കുന്നതോ നെയ്തതോ മെഷീനില്‍ നിര്‍മിച്ചതോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടതെന്ന് സർക്കാറിന്റെ കൃത്യമായ നിർദേശമുണ്ട്. ദേശീയ പതാക ദീര്‍ഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാല്‍ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. ഈ അനുപാതം പാലിക്കാത്തതാണ് ഇടുക്കിയിൽ വിനയായത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്താന്‍ പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല.

ആഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനാണു ഹര്‍ ഘര്‍ തിരംഗ കാംപയിന്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ ഭാഗമായി വീടുകളിലെ ദേശീയ പതാക രാത്രിയില്‍ താഴ്ത്തേണ്ടതില്ല.

Tags:    
News Summary - National flag distributed in Idukki not in proportion; One lakh flags were taken back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.