തൃശൂർ: ദേശീയപാത വിഭാഗത്തിലെ നാലിൽ മൂന്നു ഭാഗം റോഡുകളും ദേശീയപാത അതോറിറ്റി ഏറ്റെടുത്തതിനെതുടർന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിലെ ഓഫിസുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരത്തെ എൻ.എച്ച് സൗത്ത് സർക്കിൾ സൂപ്രണ്ടിങ് ഓഫിസുകളടക്കം സംസ്ഥാനത്തെ 14 ഓഫിസുകൾ നിർത്താനാണ് പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എൻജിനീയർ ഉത്തരവിട്ടത്. ദേശീയപാത വിഭാഗത്തിലെ ജോലിഭാരം കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം എൻ.എച്ച്, സൂപ്രണ്ടിങ് എൻജിനീയർ, എൻ.എച്ച് സൗത്ത് സർക്കിൾ, കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം എൻ.എച്ച് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസുകളും കൊല്ലം, ആലപ്പുഴ, എറണാകുളം, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ, ചാവക്കാട്, കുറ്റിപ്പുറം, പെരിന്തൽമണ്ണ, കോഴിക്കോട്, തിരുവനന്തപുരം, എൻ.എച്ച് അസി. എക്സി. എൻജിനീയർ ഓഫിസുകളാണ് നിർത്തുന്നത്. നിർത്തുന്നവ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ, വകുപ്പിലെ മറ്റ് ഓഫിസുകൾ പ്രവർത്തിക്കാൻ വേണ്ടി ഉപയോഗപ്പെടുത്താനുള്ള സാഹചര്യം പരിശോധിക്കണമെന്നും മറ്റു വകുപ്പിലെ ഓഫിസുകൾക്ക് വാടകക്ക് ഉപയോഗപ്പെടാത്താൻ തുടർനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയപാത വിഭാഗത്തിലെ നാലിൽ മൂന്നു ഭാഗം റോഡുകളും ദേശീയപാത അതോറിറ്റി ഏറ്റെടുത്തതോടെ സംസ്ഥാന ദേശീയപാത വിഭാഗത്തിന്‍റെ ജോലിഭാരം കുറഞ്ഞെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഈ വിഭാഗത്തിലെ വിവിധ തസ്തികകൾ വകുപ്പിലെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നു. 39 ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാർ, 52 സെക്കൻഡ് ഗ്രേഡ് ഓവർസിയർമാർ, 41 തേഡ് ഗ്രേഡ് ഓവർസിയർമാർ എന്നിവരെ വകുപ്പിലെ വിവിധ വിഭാഗങ്ങളിലേക്ക് മാറ്റി നേരത്തേ ഉത്തരവിട്ടിരുന്നു. കൂടാതെ റോഡ്, ബിൽഡിങ്സ്, ബ്രിഡ്ജസ് വിഭാഗങ്ങളിൽ നിലവിലെ ഒഴിവുകളിൽ നാഷനൽ ഹൈവേ വിഭാഗത്തിലെ എൻജിനീയർമാരെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ മറുപടിയായി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.