ചുളിക്ക എസ്റ്റേറ്റിന്റെ നിയമവിരുദ്ധ കൈമാറ്റം റദ്ദുചെയ്യണമെന്ന് പ്രകൃതി സംരക്ഷണസമിതി

കൽപ്പറ്റ: ചുളിക്ക എസ്റ്റേറ്റിന്റെ നിയമവിരുദ്ധ കൈമാറ്റം റദ്ദുചെയ്യണമെന്ന് വയനാട് പ്രകൃതിി സംരക്ഷണസമിതി. സ്വാതന്ത്രൃത്തിന്നു മുൻപ് ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും രാജാക്കന്മാരും മറ്റും പാട്ടത്തിനു കൊടുത്ത എസ്റ്റേറ്റുകളിൽ ഇപ്പോൾ കൈവശംവച്ചർക്ക് ഉടമസ്ഥതയില്ലെന്നും, സർക്കാർ ഭൂമിയാണെന്നുമുള്ള ഹൈക്കോടതിവിധിയെ തുടർന്ന് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം വയനാട്ടിൽ അട്ടിമറിക്കപ്പെടുകയാണെന്ന് സമിതി പ്രസിഡണ്ട് എൻ. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

100 ഏക്കറിൽ കൂടുതലുള്ള 48 കൈവശക്കാരുടെ കൈയിൽ 59,000 ഏക്കർ ഭൂമിയുള്ളത് തിരിച്ചെടുക്കാൻ വയനാട്ടിൽ അഞ്ചു വർഷത്തിന്ന് ശേഷം വന്ന ജില്ലാകലക്ടർമാർ ഒരാളും തയാറാകുന്നില്ല. നിയമപരമായി ഉടമസ്ഥതയില്ലാത്ത ഇത്തരം തോട്ടങ്ങൾ കൈമാറ്റവും തരം മാറ്റലും ടൂറിസവും മരം മുറിയും നടന്നിട്ടും നിയമ ലംഘകർക്കെതിരെ നടപടിയുണ്ടാകുന്നില്ല. മേപ്പാടി ചുളിക്ക ഏസ്റ്റേറ്റിലും ചുണ്ട ചേലോട് എസ്റ്റേറ്റിലും നോർത്ത് വയനാട് താലൂക്കിലെ ബ്രഹ്മഗിരി ഏസ്റ്റേറ്റിലും നിമലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ല.

ആദിവാസികൾ പരമ്പരാഗതമായി താമസിച്ചിരുന്ന ഭൂമികളിൽ നിന്നും അവരെ ആട്ടിപ്പായിച്ചാണ് ഇത്തരം തോട്ടങ്ങൾ ഉണ്ടാക്കിയത്. ആദിവാസി സമൂഹം കിടപ്പാടമില്ലാതെ പുറമ്പോകളിലും മറ്റും കഴിയുകയാണ്. ബ്രിട്ടീഷുകാർക്ക് പാട്ടത്തിന് നൽകിയ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കാൻ സിവിൽ കോടതികളിൽ കേസുകൾ നൽകാൻ കലക്ടർമാരെ ചുമതലപ്പെടുത്തി. ഈ ഉത്തരവനുസരിച്ച് സിവിൽ കേസ് നൽകേണ്ട ഉത്തരവാദിത്തം കലക്ടർക്കാണ്.

റവന്യൂ വകുപ്പ് നിരവധി തവണ വയനാട് കലക്ടർമാരോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. നാളിതുവരെ വയനാട് ജില്ലയിൽ ഒരു കേസ് പോലും കോടതിയിൽ ഫയൽ ചെയ്തിട്ടില്ല. തോട്ടമുടമകളുമായി റവന്യൂ ഉദ്വോഗസ്ഥരും സർക്കാർ പ്ളീഡറും ഒത്തുകളിക്കുകയാണ്. ഗവൺമെന്റ് പ്ളീഡറുടെ കള്ളക്കളി വ്യക്തമാണ്.

ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഇത്തരം തോട്ടങ്ങൾക്ക് ഇളവനുവദിച്ചത് ചായ , കാപ്പി തോട്ടങ്ങൾ നിലനിർത്തിപ്പൊരാൻ മാത്രമാണ്. ഇപ്പോൾ വയനാട്ടിൽ നടക്കുന്നത് നഗ്നമായ നിയമലംഘനമാണ്. തോട്ടമുടകളുമായുള്ള ഒത്തുകളിയാണ്. തങ്ങൾക്ക് ഉടമസ്ഥാവകാശമില്ലാത്ത കോട്ടപ്പടി വില്ലേജിലെ ചുളുക്കാ എസ്റ്റേറ്റ് എ.വി.ടി കമ്പനി ഭൂമിപുത്രാ ട്രസ്റ്റിന് വിറ്റത് നിയമ വിരുദ്ധമാണ്.

ഈ തോട്ടത്തിലെ നിരവധി ഏക്കറിൽ തേയിലച്ചെടികൾ പിഴുത് മാറ്റി. ഇവിടെ അനധികൃത നിർമാണങ്ങൾ തുടങ്ങി. 1000 പശുക്കളെ വളർത്താനും എയർസ്ട്രിപ്പ് നിർമിക്കാനും ടൂറിസം പഠനകേന്ദ്രത്തിനും ആയുർവേദ കേന്ദ്രത്തിനും മറ്റും 3000 കോടിയുടെ പ്രാജക്ടാണ് ഇവിടെ വരാൻ പോകുന്നതെന്ന് പുതിയ ഉടമകൾ പറയുന്നു.

ഈ തോട്ടങ്ങൾ വിൽപ്പന നടത്തുവാനോ തരം മാറ്റുവാനോ നിർമ്മിതികൾ ഉണ്ടാക്കുവാനൊ നിലവിൽ കൈവശം വെച്ചിരിക്കുന്നവർക്ക് നിയമപരമായ അവകാശമില്ല. ചുളുക്ക എസ്റ്റേറ്റ് വില്പന നടത്തിയത് നിയമവിരുദ്ധ നടപടിയാണ്. അതിനാൽ ഈ വിൽപ്പന റദ്ദ് ചെയ്യണം. ഭൂമിക്ക് മേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവിൽ കോടതിയെ സമീപിക്കണം. വൈത്തിരി താലൂക്ക് ലാൻഡ് ബോർഡും സംസ്ഥാന ലാൻഡ് ബോർഡും ഇക്കാര്യത്തിൽ ഇടപെടണം.

പ്രകൃതി സംരക്ഷണ സമിതി ജില്ലാ കലക്ടർ, മുഖ്യമന്ത്രി റവന്യൂമന്ത്രി, റവന്യൂ സെക്രട്ടറി, ലാൻഡ് റവന്യൂ കമീഷണർ, സ്റ്റേറ്റ് സ്പെഷ്യൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. നിയമ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ സമിതി കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃത സംരക്ഷണ സമിതി പ്രസിഡണ്ട് എൻ. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

Tags:    
News Summary - Nature conservation committee to cancel illegal transfer of Chulika estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.