കോഴിക്കോട്: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്യുന്ന ബസ് പുതുവർഷാരംഭം മുതൽ ബജറ്റ് ടൂറിസത്തിന് വിട്ടുനൽകും. കോഴിക്കോടിനാണ് ബസ് ആദ്യം അനുവദിക്കുക. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പദ്ധതിയുടെ ഈ വർഷത്തെ പുതുവർഷാഘോഷം വയനാട്ടിൽ നടത്താനും ഇതിന് നവകേരള ബസ് ഉപയോഗിക്കാനുമാണ് പദ്ധതി. ആദ്യ 15 ദിവസം കോഴിക്കോട് ജില്ലയിൽ ഉപയോഗിച്ചതിന് ശേഷം തിരുവനന്തപുരം യൂനിറ്റിന് കൈമാറാനും ആലോചനയുണ്ട്. അപേക്ഷ പരിഗണിച്ച് ആദ്യത്തെ ആറുമാസം എല്ലാ ജില്ലകൾക്കും ബസ് അനുവദിക്കും.
ഏതെല്ലാം റൂട്ടുകളിൽ ബസ് ഓടിക്കാൻ കഴിയുമെന്നത് സംബന്ധിച്ച് ഡിസംബർ 10നകം റിപ്പോർട്ട് നൽകാനും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുവരെ കെ.എസ്.ആർ.ടി.സിയിലെ നാലു ഡ്രൈവർമാർ മാത്രമേ ഇതിൽ കയറിയിട്ടുള്ളൂവെന്നും ബസ് കൈമാറിക്കിട്ടിയതിന് ശേഷം സാങ്കേതികവശങ്ങൾ പരിഗണിച്ചേ ഏതെല്ലാം റൂട്ടുകളിൽ അനുവദിക്കാം എന്നതിൽ അന്തിമ തീരുമാനമെടുക്കൂവെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
25 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ നിലവിലെ എ.സി ബസുകൾ ഈടാക്കുന്ന നിരക്കിന് ആനുപാതികമായ ചാർജ് വാങ്ങാനാണ് തീരുമാനം. ബയോ ടോയ്ലറ്റ്, ഫ്രിഡ്ജ് തുടങ്ങിയ സംവിധാനങ്ങളുള്ള ബസിൽ ഒരു മിനി കാരവൻ സൗകര്യങ്ങൾ ലഭിക്കുമെന്നതിനാൽ ആവശ്യക്കാർ കൂടുതലായിരിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ പ്രതീക്ഷ.
ഡിസംബർ 24ന് നവകേരള യാത്ര സമാപിച്ച് 26ഓടെ ബസ് കെ.എസ്.ആർ.ടി.സിക്ക് വിട്ടുനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദയാത്രക്ക് അനുമതി തേടി സി.എം.ഡി ബിജു പ്രഭാകർ സർക്കാറിന് കത്ത് എഴുതിയിരുന്നു. സർക്കാർ അനുമതി ലഭിച്ചാൽ ഉടൻ ബുക്കിങ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.