കൊച്ചി: എറണാകുളം ജില്ലയിലെ നവകേരള സദസ് വേദികളിൽ അപേക്ഷ നൽകാൻ വരുന്നവർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നവകേരള സദസ്സ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് പ്രത്യേക കൗണ്ടർ ഒരുക്കും. അപേക്ഷ സ്വീകരിക്കുന്ന കൗണ്ടറുകളിൽ കുടിവെള്ളം, ഫാൻ എന്നിവയും ഒരുക്കുമെന്നും കലക്ടർ അറിയിച്ചു.
30 കൗണ്ടറുകളാണ് അപേക്ഷ സ്വീകരിക്കാനായി ഓരോ മണ്ഡലത്തിലും നവകേരള സദസ്സിനോട് അനുബന്ധിച്ച് ഒരുക്കുന്നത്. സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് അപേക്ഷ സ്വീകരിച്ചു തുടങ്ങും. ആദ്യം ടോക്കൺ കൗണ്ടറിൽ നിന്ന് ടോക്കൺ എടുത്ത് കൗണ്ടറിലെത്തി അപേക്ഷ നൽകണം.
അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും നൽകണം. കൂടാതെ സ്വന്തം മേൽവിലാസം, പിൻകോഡ് സഹിതം വ്യക്തമായി എഴുതണം. കൗണ്ടറിൽ നിന്നും ലഭിക്കുന്ന രസീത് കൈയിൽ സൂക്ഷിക്കണം. മുഖ്യമന്ത്രിയുടെയോ, അതത് വകുപ്പ് മന്ത്രിയുടെയോ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെയോ പേരിൽ അപേക്ഷ എഴുതാം. ഓരോരോ ആവശ്യത്തിനുമുള്ള അപേക്ഷകൾ പ്രത്യേകം അപേക്ഷയായി എഴുതണം.
നേരത്തെ നൽകിയ അപേക്ഷകളെ പറ്റിയുള്ള അന്വേഷണമാണെങ്കിൽ പഴയ ഫയൽ നമ്പറോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും രേഖകളോ കൂടെ സമർപ്പിക്കണം. ചികിൽസാ സഹായത്തിനള്ള അപേക്ഷകളുടെ കൂടെ ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളും സമർപ്പിക്കുന്നത് നന്നായിരിക്കും. അപേക്ഷ നൽകാൻ ഭിന്നശേഷിക്കാർ നേരിട്ട് പോകേണ്ടതില്ല. ബന്ധപ്പെട്ട ആരെങ്കിലും കൗണ്ടറിലെത്തിച്ച് രസീത് വാങ്ങിയാൽ മതിയാകും.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, ഡെപ്യൂട്ടി കലക്ടർമാരായ കെ. ഉഷാ ബിന്ദുമോൾ, എ.ഇ അബ്ബാസ്, എൻ.എച്ച് സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ പദ്മചന്ദ്ര കുറുപ്പ്, ഹുസൂർ ശിരസ്തദാർ അനിൽ കുമാർ മേനോൻ, സീനിയർ സൂപ്രണ്ട് ബിന്ദു രാജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. പ്രഭാത യോഗം, താമസം, അപേക്ഷ സ്വീകരിക്കൽ എന്നിവക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.