കൊച്ചി: പഞ്ചായത്ത് കൗൺസിൽ അംഗീകരിക്കാതെ നവകേരള സദസ്സിന് പഞ്ചായത്ത് ഫണ്ടിൽനിന്ന് പണം നൽകുന്നത് ഹൈകോടതി തടഞ്ഞു. പഞ്ചായത്ത് ഫണ്ടിൽനിന്ന് നവകേരള സദസ്സിന് പണം നൽകാൻ അനുമതി നൽകുന്ന തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ മറവിൽ സെക്രട്ടറിമാർ പണം അനുവദിക്കുന്നത് ചോദ്യം ചെയ്ത് മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ നൽകിയ ഹരജിയിലാണ് ഹരജിക്കാരുടെ പഞ്ചായത്തുകളിൽനിന്ന് പണം അനുവദിക്കുന്നത് തടഞ്ഞ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.
ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ട കോടതി, പണം അനുവദിക്കുന്നതിൽനിന്ന് ഇവരെ താൽക്കാലികമായി വിലക്കുകയും ചെയ്തു. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് പുറപ്പെടുവിച്ച ഉത്തരവിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് ചെലവിടാൻ തദ്ദേശ ഭരണ വകുപ്പ് അനുമതി നൽകണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അനുമതി നൽകി തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായത്.
ഇതിന്റെ മറവിൽ കൗൺസിൽ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പണം നൽകാൻ സെക്രട്ടറിമാർ തീരുമാനിച്ചതിനെതിരെയാണ് അഡ്വ. മുഹമ്മദ് ഷാ മുഖേന ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഇത്തരം ഉത്തരവുകൾ തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.നേരത്തേ, നവകേരള സദസ്സിന്റെ പേരിൽ പണം നൽകാൻ നഗരസഭാ സെക്രട്ടറിമാർക്ക് അധികാരം നൽകുന്ന ഉത്തരവിലെ നിർദേശം ഹരജികൾ തീർപ്പാകും വരെ കോടതി സ്റ്റേ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.