മകനെ കഴുത്തറുത്ത്​ കൊന്ന്​ ആത്മഹത്യ: കുടുംബ വഴക്കിനെ തുടർന്നെന്ന്​ പൊലീസ്​

കല്ലമ്പലം (തിരുവനന്തപുരം): നാവായിക്കുളത്ത് മൂത്തമകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയമകനുമായി പിതാവ് ക്ഷേത്രക്കുളത്തിൽ ചാടി മരിച്ച സംഭവത്തിനു പിന്നിൽ കുടുംബവഴക്കാണ്​ കാരണമെന്ന്​ പൊലീസ്​. മരിച്ച സഫീറിന് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും പൊലീസ്​ പറഞ്ഞു. നാവായിക്കുളം നൈനാംകോണത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

നൈനാംകോണം വടക്കേവയൽ മം​ഗ്ലാവിൽവാതുക്കൽ വയലിൽവീട്ടിൽ സഫീർ (34), സഫീറിന്‍റെ മൂത്തമകൻ നാവായിക്കുളം ​ഗവ. ഹയർസെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി അൽത്താഫ് (11), ഇളയമകൻ നാലാംതരം വിദ്യാർഥി അൻഷാദ് (9) എന്നിവരാണ് മരിച്ചത്. അൽത്താഫിനെ കിടപ്പുമുറിയിലെ കട്ടിലിൽ കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ച് വായിൽ തുണി തിരുകിയ ശേഷം കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്:

നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിയായ സഫീർ 12 വർഷങ്ങൾക്ക് മുമ്പാണ് നാവായിക്കുളം സ്വദേശി റജീനയെ വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് രണ്ട് ആൺകുട്ടികളുമായി. ഇവർ സന്തോഷകരമായി ജീവിച്ചുവരവെ ആറുമാസംമുമ്പാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. നാവായിക്കുളം പട്ടാളംമുക്കിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച സഫീർ. കുറച്ച് നാളായി ഇയാൾക്ക്​ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സംശയവും അകാരണമായ ഭയവും സഫീറിനുണ്ടായതായും ഇതേത്തുടർന്ന്​ ഭാര്യക്ക്​ സഫീറിനോടൊപ്പം താമസിക്കാൻ പേടിയായെന്നും പറയപ്പെടുന്നു.

ഏതാനും മാസം മുമ്പ് സഫീറിന്‍റെ മാതാപിതാക്കൾ ചികിത്സക്കായി ഇദ്ദേഹത്തെ നെടുമങ്ങാട്ട് കൊണ്ടുപോകുകയും ഭേദമായ ശേഷം കുറച്ച് നാളുകൾക്ക് മുമ്പ് നാവായിക്കുളത്തെ വീട്ടിൽ എത്തുകയും ചെയ്തു. ഇതിനിടെ നാവായിക്കുളം വൈരമലയിൽ സഫീറിനും ഭാര്യ റജീനക്കും പുതുതായി വീട് പണിയുകയും ചെയ്തു. ഈ വീട്ടിൽ ഭാര്യ സഹോദരനുമുണ്ടായിരുന്നു. എന്നാൽ പുതുതായി പണികഴിപ്പിച്ച വീട്ടിൽ താമസിക്കാൻ സഫീറിന് താൽപര്യമില്ലായിരുന്നു. സഫീർ മം​ഗ്ലാവിൽവാതുക്കലുള്ള വയലിൽവീട്ടിൽ താമസിക്കാൻ ഭാര്യയെ നിർബന്ധിച്ചിരുന്നെങ്കിലും ഭയം മൂലം ഭാര്യ ഈ വീട്ടിൽ പോകാൻ തയ്യാറായില്ല. തുടർന്ന് ഒറ്റക്കാണ് സഫീർ ഈ വീട്ടിൽ താമസിച്ചിരുന്നത്.

പരിസരവാസികളുമായും സഫീറിന് വലിയ അടുപ്പമില്ലായിരുന്നു. മദ്യപാനമോ അതുമായി ബന്ധപ്പെട്ട യാതൊരു ദുശീലങ്ങളോ സഫീറിനില്ലായിരുന്നെന്ന് സമീപവാസികളും പറയുന്നു. ഇടക്കിടെ രണ്ട് മക്കളെയും സഫീർ ഈ വീട്ടിൽ കൊണ്ട് വന്ന് നിർത്തുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സഫീർ വൈരമലയിലുള്ള ഭാര്യവീട്ടിലെത്തി മക്കളെ കൂട്ടി തന്‍റെ ഓട്ടോറിക്ഷയിൽ പാപനാശത്തും തുടർന്ന് വർക്കല പാലച്ചിറയിലുള്ള ബന്ധുവീട്ടിലും എത്തിയിരുന്നു. ഈ വീട്ടിൽ ശനിയാഴ്ച അടുത്ത ബന്ധുവിന്‍റെ മരണാനന്തരചടങ്ങ് നടക്കാനിരിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും വാങ്ങി നൽകിയിരുന്നു. രാത്രി എട്ടരയോടെ പാലച്ചിറയിലെ വീട്ടിൽനിന്ന് കുട്ടികളുമായി ഇറങ്ങിയ സഫീർ രാത്രി 9മണിയോടെ തന്‍റെ വീട്ടിലെത്തിയതായി പരിസരവാസികളും പറയുന്നു. തുടർന്നായിരിക്കാം അറുംകൊല നടത്തിയത്.

കുട്ടികളെ മയക്കികിടത്തിയതിന് ശേഷം മൂത്തകുട്ടിയെ കൈകാലുകൾ ബന്ധിച്ച്​ വീണ്ടും ഒരിക്കൽകൂടി കൈകൾ വയറുമായി ചേർത്ത് കെട്ടിയ ശേഷമാണ് കഴുത്തറുത്തത്. തുടർന്ന് ഇളയകുട്ടിയുമായി തന്‍റെ ഓട്ടോയിൽ നാവായിക്കുളം വലിയകുളത്തിന് സമീപമെത്തി പടിക്കെട്ടിൽ ചെരുപ്പും വാച്ചും പഴ്സും ഉപേക്ഷിച്ച് ഇളയകുട്ടിയെ മാറോട് ചേർത്ത് പിടിച്ച് കുളത്തിലേക്ക് ചാടിയതാകാം എന്നാണ് നി​ഗമനം. ശനിയാഴ്ച രാവിലെ പാലച്ചിറയിലെ ബന്ധുവീട്ടിൽ സഫീറും കുട്ടികളും എത്താത്തതിനെ തുടർന്ന് ഭാര്യാ സഹോദരൻ വീട്ടിലെത്തിയപ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാവായിക്കുളം വലിയകുളത്തിന് സമീപം ഏറെനേരമായി ഓട്ടോ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടെത്തി. പരിശോധിച്ചപ്പോഴാണ് ഓട്ടോയിൽനിന്നും മൂത്തമകൻ വീട്ടിലുണ്ട് എന്ന ഒറ്റ വരിക്കത്തും കുളത്തിലെ പടിക്കെട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെുരുപ്പുകളും വാച്ചും കണ്ടെത്തിയത്​.

തുടർന്ന് കല്ലമ്പലം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനിടയിൽ ശനിയാഴ്ച രാവിലെ പത്തരയോടെ സഫീറിന്റെ മൃതദേഹവും ഉച്ചക്ക് പന്ത്രണ്ട്മണിയോടെ അൻഷാദിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വീട്ടിൽ കിടപ്പുമുറിയിൽ കട്ടിലിൽ കഴുത്തറ്റ് ചോരവാർന്ന് മരിച്ച നിലയിലായിരുന്നു അൽത്താഫിന്‍റെ മൃതദേഹം.

വി. ജോയി എം.എൽ.എ, ജില്ല പൊലീസ് ചീഫ് അശോക് കുമാർ, ഡിവൈ.എസ്.പി ദിനിൽകുമാർ, കല്ലമ്പലം ഇൻസ്പെക്ടർ ഐ. ഫറോസ്, എസ്.ഐ വി. ​ഗം​ഗാപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിഭാ​​ഗം, ഡോ​ഗ് സ്ക്വാഡ് എന്നിവയും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൂന്ന് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തി ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഞായറാഴ്ച വൈകീ​ട്ടോടെ വെള്ളൂർകോണം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

Tags:    
News Summary - navayikkulam familicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.