തിരുവനന്തപുരം: പി.പി. ദിവ്യക്കെതിരായ നടപടിക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്ന് വരുത്താൻ സി.പി.എമ്മിന്റെ തിരക്കിട്ട നീക്കം. കണ്ണൂർ, പത്തനംതിട്ട ജില്ല കമ്മിറ്റികൾ രണ്ടു തട്ടിലെന്ന ആക്ഷേപം കനക്കുന്നതിനിടെയാണ് നവീൻ ബാബുവിന്റ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്.
‘‘പാർട്ടിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി എന്നനിലയിൽ താൻ പറഞ്ഞതാണ് അവസാന വാക്കെന്നും ഇതിനിടെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി’’ യെന്നും തുറന്നടിച്ചതിലൂടെ ബദൽ ശബ്ദങ്ങളെ തൽക്കാലത്തേക്ക് നിശ്ശബ്ദമാക്കലും ലക്ഷ്യമിടുന്നു. ദിവ്യയെ അവിശ്വസിക്കേണ്ടതില്ലെന്ന ഡി.വൈ.എഫ്.ഐയുടെ നിലപാട് വലിയ ചർച്ചയാവുകയും പത്തനംതിട്ട ജില്ല സെക്രട്ടറി തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാന സെക്രട്ടറിയുടെ വിധിതീർപ്പ്.
കണ്ണൂർ ജില്ല കമ്മിറ്റി സദുദ്ദേശ്യത്തിന്റെ ആനുകൂല്യങ്ങൾ നൽകി ദിവ്യയെ ന്യായീകരിക്കാൻ ശ്രമിച്ചതു മുതൽ സംഭവത്തിൽ കർക്കശ നിലപാട് സ്വീകരിച്ച പത്തനംതിട്ട ജില്ല സെക്രട്ടറിയെ സമീപത്ത് നിർത്തിയായിരുന്നു എം.വി. ഗോവിന്ദെൻറ നയം വ്യക്തമാക്കൽ. ജനങ്ങളുമായി ബന്ധപ്പെടുന്നതാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നതിനാൽ അതിൽനിന്ന് മാറ്റി നിർത്തിയത് ഏറ്റവും പ്രധാന നടപടിയെന്നാണ് സെക്രട്ടറിയുടെ നിലപാട്. ഫലത്തിൽ സംഘടനാനടപടി വൈകുമെന്ന സൂചനയും ഇതിൽനിന്ന് വ്യക്തമാകുന്നു.
ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയെ കാര്യമായി പ്രതിരോധത്തിലാക്കിയ വിവാദവും ജനരോഷവും തണുപ്പിക്കേണ്ടത് അനിവാര്യമാണ്. അന്വേഷണ കാര്യത്തിലടക്കം കുടുംബത്തിൽനിന്നുണ്ടാകുന്ന പ്രതികരണങ്ങൾ ഈ ഘട്ടത്തിൽ വലിയ പ്രത്യാഘാതങ്ങളുമുണ്ടാക്കും. പാർട്ടി ഒപ്പമുണ്ടെന്ന ആത്മവിശ്വാസം കുടുംബത്തെ ബോധ്യപ്പെടുത്തി മാത്രമേ മുന്നോട്ടുപോകാനാകൂ. സംഭവത്തിൽ പൊതുസമൂഹത്തിലുയരുന്ന രോഷം അതേ അളവിൽ പത്തനംതിട്ടയിലെ പാർട്ടിയിലുമുണ്ട്. ഒരുഭാഗത്ത് പി.പി. ദിവ്യക്കെതിരെ കടുത്ത പരാമർശങ്ങൾക്ക് മുതിരാതെ തന്ത്രപരമായ കരുതൽ തുടരുമ്പോഴും അകപ്പെട്ട പ്രതിസന്ധി മറികടക്കാനുള്ള അനുനയദൗത്യമാണ് മറുഭാഗത്ത് തുടരുന്നത്.
ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്നതോടെ രോഷം തണുക്കുമെന്ന വിലയിരുത്തലാണ് ആദ്യമുണ്ടായിരുന്നത്. എന്നാൽ, അന്വേഷണത്തെക്കുറിച്ച് പൊതുസമൂഹത്തിലും പാർട്ടിയിലും ചോദ്യങ്ങളുയർന്ന് തുടങ്ങിയിട്ടുണ്ട്. ആത്മഹത്യപ്രേരണ കുറ്റം ചുമത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് മൊഴിയെടുക്കാത്തതിൽ സംശയങ്ങളും ശക്തമാണ്.
ദിവ്യക്കെതിരായ പാർട്ടി നടപടി വൈകിപ്പിക്കാൻ സി.പി.എം ചൂണ്ടിക്കാട്ടുന്നതും പൊലീസ് അന്വേഷണം നടക്കുന്നെന്നതാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അധിക വിശദീകരണങ്ങൾക്ക് മുതിരാതെ പൊലീസ് മൊഴിയെടുക്കും, ആവശ്യമായ രീതിയിൽ പൊലീസ് കാര്യങ്ങൾ ചെയ്യുമെന്ന പ്രതികരണമാണ് എം.വി. ഗോവിന്ദനിൽനിന്ന് ഞായറാഴ്ചയുണ്ടായത്.
കോന്നി: സി.പി.എം തുടക്കം മുതൽ എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ കണ്ണൂർ ജില്ലയിലെ പാർട്ടിയും പത്തനംതിട്ടയിലെ പാർട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം തെറ്റാണ്. എല്ലാ അർഥത്തിലും കുടുംബം അനുഭവിക്കുന്ന വേദനക്കൊപ്പമാണ് സി.പി.എം. പി.പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ബാക്കി നടപടികൾ പിന്നാലെയുണ്ടാകും. ‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, നിയമപരമായ സംരക്ഷണം വേണം’ എന്നാണ് കുടുംബം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഞായർ രാവിലെ 11 മണിയോടെയാണ് ഗോവിന്ദൻ മാസ്റ്റർ മലയാലപ്പുഴയിലെത്തിയത്. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുൻ എം.എൽ.എ.രാജു എബ്രഹാം എന്നിവരും കൂടെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.