നവീൻ ബാബുവിന്‍റെ മരണം കൊലപാതകത്തിന് തുല്യം; പി.പി. ദിവ്യക്കെതിരെ കേസെടുക്കണം -വി.ഡി സതീശൻ

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊലപാതകത്തിന് തുല്യമായ സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയ വി.ഡി സതീശൻ, പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് ചടങ്ങിലെത്തി സ്ഥലംമാറി പോകുന്ന എ.ഡി.എമ്മിനെതിരെ അപമാനകരമായ പരാമർശമാണ് വി.വി ദിവ്യ നടത്തിയത്. എ.ഡി.എം അഴിമതിക്കാരനാണെന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. ഇത് നവീൻ ബാബുവിന്‍റെ മരണത്തിൽ കലാശിച്ചു. കൊലപാതകത്തിന് തുല്യമായ സംഭവമാണിത്.

നവീൻ ബാബുവിന്‍റേത് സി.പി.എം കുടുംബമാണ്. സി.പി.എം തൊഴിലാളി സംഘടനയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. നവീൻ ബാബു അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനയിലെ ആളുകൾ പോലും പറയുന്നില്ല. മനഃപൂർവം വ്യക്തിവിരോധം തീർക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയ്തത്.

പത്തനംതിട്ടയിൽ എത്തുന്ന നവീൻ ബാബുവിനെ സ്വീകരിക്കാൻ കാത്തുനിന്ന ബന്ധുക്കൾ അറിഞ്ഞത് മരണവാർത്തയാണ്. അധികാരം എത്രമാത്രം ദുരുപയോഗപ്പെടുത്താമെന്നും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ആരെയും അപമാനിക്കാമെന്നതും കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

മുകളിൽ കാണിക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് താഴേത്തട്ടിലും ഉണ്ടാകുന്നത്. ഭരണത്തിന്‍റെ അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും പ്രതിഫലനമാണ് കണ്ണൂരിലെ ഒരു നേതാവ് ഉദ്യോഗസ്ഥനോട് ചെയ്തത്. പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്നും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Naveen Babu Death: A case should be filed against P.P. Divya - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.