കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിമര്‍ശനത്തിന് അതീതനല്ല- വി.ഡി. സതീശൻ

കൊച്ചി: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിമര്‍ശനത്തിന് അതീതനല്ലെന്ന പ്രതിപക്ഷ നേതൈാവ് വി.ഡി. സതീശൻ. തന്നെ വിമര്‍ശിക്കാന്‍ സാമുദായിക നേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എന്റെ പാര്‍ട്ടിയിലുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയിലുള്ളവര്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്നുമാത്രമെയുള്ളൂ.

വിമര്‍ശനങ്ങളില്‍ തെറ്റു തിരുത്തേണ്ടതുണ്ടോയെന്ന് പരിശോധിച്ച് തെറ്റു തിരുത്തും. സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിമര്‍ശനം കേട്ടാല്‍ അസ്വസ്ഥരാകരുത്. വിമര്‍ശങ്ങള്‍ പരിശോധിക്കണം. എല്ലാവരും സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭവത്തിനും രീതിക്കുമൊക്കെ മാറ്റമുണ്ടാക്കിക്കൊണ്ടിരിക്കണം. അല്ലാതെ നമ്മള്‍ പിടിച്ചതാണ് പ്രധാനമെന്ന വാശി ശരിയല്ല.

കേരളത്തിലെ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടു വരികയെന്ന ഒറ്റ അസൈന്‍മെന്റാണ് ദേശീയ നേതൃത്വവും കേരളത്തിലെ എം.എല്‍.എമാരും എനിക്ക് നല്‍കിയിരിക്കുന്നത്. അതിനു വേണ്ടി എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിക്കുകയാണ്. അതിനിടയില്‍ ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ ആ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എല്ലാ മത ജാതി വിഭാഗങ്ങളെയും സാധാരണ മനുഷ്യരെയും ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊണ്ട് ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്.

അതുകൊണ്ടാണ് 2021-ല്‍ യു.ഡി.എഫിനൊപ്പമില്ലാതിരുന്ന ഒരുപാട് വിഭാഗങ്ങള്‍ ഇപ്പോള്‍ തിരിച്ചു വന്നത്. പല കാരണങ്ങള്‍ കൊണ്ട് അകന്നു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അദ്ഭുതകരമായ മാറ്റം 2026-ല്‍ ഉണ്ടാകും. അതിനു വേണ്ടിയുള്ള തീഷ്ണമായ യത്‌നത്തിന്റെ പണിപ്പുരയിലാണ്. ഞങ്ങളെല്ലാം കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ആഘോഷിക്കാന്‍ വേണ്ടി എന്റെ കയ്യില്‍ നിന്നും ഒന്നും കിട്ടാത്തതു കൊണ്ട് എന്റെ ബോഡി ലാംഗ്വേജിനെപ്പറ്റിയാണ് പറയുന്നത്.

എന്‍.എസ്.എസിനെ പുകഴ്ത്തിപ്പറഞ്ഞുവെന്നും വാര്‍ത്തവന്നു. ഇന്നലെ എന്‍.എസ്.എസിനെ കുറിച്ച് പറഞ്ഞത് 2021 ലും 23ലും പറഞ്ഞിട്ടുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ എന്‍.എസ്.എസ് എടുത്ത നിലപാടിനെ കുറിച്ച് വി.ഡി സതീശന്‍ ആദ്യമായി ഇന്നലെയല്ല പറയുന്നത്. പെട്ടന്ന് ലൈന്‍ മാറ്റിയെന്നാണ് പല ചാനല്‍ ചര്‍ച്ചകളിലും പലരും പറഞ്ഞത്. ഞാന്‍ അങ്ങനെ പെട്ടന്ന് ലൈന്‍ മാറ്റുന്ന ആളല്ല. ലൈന്‍ മാറ്റണമെങ്കില്‍ ബോധ്യം വേണം.

എല്ലാ ഹൈന്ദവ സംഘടനകളെയും സംഘ്പരിവാര്‍ വിഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിച്ച സംഘടനായാണ് എന്‍.എസ്.എസ്. അതിന് ഞാന്‍ അവരെ നേരത്തെയും അഭിനന്ദിച്ചിട്ടുണ്ട്. കേരളം പോലുള്ള സംസ്ഥാനത്ത് അവര്‍ എടുത്ത നിലപാട് ശ്രദ്ധേയമാണ്. എന്‍.എസ്.എസിനോട് എതിര്‍പ്പുണ്ടോയെന്ന് ഇന്നലെ വീണ്ടും മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ആവര്‍ത്തിച്ചു എന്നു മാത്രമെയുള്ളൂവെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - Opposition leader of Kerala is not above criticism - V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.