ഒരേക്കർ സ്ഥലത്ത് നെല്ല് ഒഴികെയുള്ള കൃഷികളെല്ലാം യോഹന്നാൻ ചെയ്യുന്നുണ്ട്. നെൽകൃഷിചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. വയലില്ലാതെ നെൽകൃഷിയിറക്കാനാകില്ലല്ലോ. വീട്ടുമുറ്റത്തുള്ള രണ്ടു സെന്റ് സ്ഥലം ഒഴികെ തന്റെ തോട്ടത്തിലെ എല്ലായിടത്തും താന്നിതെരുവില്‍ പഴശ്ശി രാജ കോളജിന് സമീപത്ത് താമസിക്കുന്ന തുറപ്പുറത്ത് യോഹന്നാന് വിവിധ കൃഷികൾ കാലങ്ങളായി ചെയ്തുവരുന്നുണ്ട്.
നെൽകൃഷി കൂടി ചെയ്യണമെന്ന് അതിയായ മോഹവും ഒപ്പം കൗതുകവു കൂടിച്ചേർന്നാണ് വീട്ടുമുറ്റത്ത് ഒരു പരീക്ഷണം നടത്തി നോക്കിയാലോ എന്ന ചിന്ത മനസ്സിലെത്തിയത്. പിറ്റേന്നുതന്നെ രണ്ടു സെന്റ് സ്ഥലം കിളക്കാൻ തുടങ്ങി. ഉഴുതുമറിച്ചെങ്കിലും വീട്ടുമുറ്റത്ത് നെൽകൃഷി വിജയിക്കുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
നെല്ലിന് ഏറ്റവും ആവശ്യം നനഞ്ഞ മണ്ണാണ്. മുറ്റമാകട്ടെ വരണ്ട ഭൂമിയും. എന്നാലും പ്രതീക്ഷ കൈവിടാതെ യോഹന്നാനും ഭാര്യ ലില്ലിയും ചേർന്ന് പരീക്ഷണത്തിന് തീരുമാനിക്കുകയായിരുന്നു. പുറത്തുനിന്നും മണ്ണെത്തിച്ച് 20 ദിവസത്തോളം പണിയെടുത്താണ് പാടമൊരുക്കിയത്. എല്ലുപൊടിയും കൊന്നച്ചപ്പും മണ്ണിനോടൊപ്പം ചേർത്തു. ഞാറ് പുറത്തുനിന്നും കൊണ്ടുവന്നാണ് നട്ടത്. ദിവസവും രാവിലെയും വൈകീട്ടും രണ്ടുമണിക്കൂർ വീതം നനക്കുക എന്നതായിരുന്നു ഏറ്റവും വലിയ റിസ്ക്.
തൊഴിലാളികളെ കൂട്ടിയാണ് നടീല്‍ നടത്തിയതെങ്കിലും കളപറിക്കലും വളമിടീലുമെല്ലാം സ്വന്തം ചെയ്തു. ആറുമാസം വളര്‍ച്ചയുളള നെല്ലിനമായ അന്നപൂര്‍ണ അഞ്ചുമാസമായപ്പോള് കതിരിട്ടു. ഇപ്പോള്‍ കതിര് നിറഞ്ഞ നെല്ചെടികള് കാറ്റിലുലഞ്ഞുനില്ക്കുമ്പോള് കാണികൾക്ക് കൗതുകവും കണ്ണുകള്‍ക്ക് കുളിരുമേകുകയാണ്.
നിരവധി ആളുകളാണ് നെല്‍പ്പാടം കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ഇവിടെ എത്തുന്നത്. അന്യംനിന്നുപോകുന്ന കാര്‍ഷിക സംസ്കാരത്തിന് മുതൽക്കൂട്ടാവുകയാണ് ഇവരുടെ നെല്‍കൃഷി. ചെറുപ്പം മുതലേ കൃഷിക്കിറങ്ങിയതിെൻറ അനുഭവം മാത്രമായിരുന്നു കൈമുതലെന്ന് യോഹന്നാൻ പറയുന്നു.
ഏക്കര്‍ കണക്കിന് വയലുകള്‍ കര്‍ഷകര്‍ കൃഷി ചെയ്യാതെ തരിശിടുന്ന ഇക്കാലത്ത് മികച്ച രീതിയിലാണ് വീടിന്റെ മുറ്റത്ത് ഇവർ നെല്ലുവിളയിച്ചത്. എന്നാല്‍, ഇത്തരം കൃഷികള്‍ക്ക് ചെലവ് വളരെ കൂടുതലാണെന്നും നനവ് കൊടുക്കുന്നതിനായി വലിയതോതില്‍ വെള്ളംവേണ്ടി വരുന്നതായും യോഹന്നാൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.