കണ്ണൂര്‍: എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിച്ചാൽ കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ രക്ഷപ്പെടുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്. എ.ഡി.എമ്മിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് കുടുംബം ആരോപിച്ച സ്ഥിതിക്ക് ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണ കേസ് പിന്നീട് ഇല്ലാതാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.എമ്മിന്റെ കുടുംബം നൽകിയ ഹരജി ദിവ്യക്ക് അനുകൂലമാണ്. നവീനെ കൊന്ന് കെട്ടിത്തൂക്കിയെന്നതാണ് ഹരജിയിൽ ആരോപിക്കുന്നത്. അങ്ങനെയെങ്കിൽ ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ല. അതിനർഥം അവർ കുറ്റക്കാരിയല്ല എന്നാണെന്നും എം.വി. ജയരാജൻ പറഞ്ഞു.
കൈക്കൂലി വാങ്ങാത്തതാണ് എ.ഡി.എമ്മായിരിക്കെ നവീൻ ബാബുവിന്റെ ചരിത്രം. കൈക്കൂലി വാങ്ങിയെന്നതാണ് പിന്നീട് ഉയര്‍ന്നുവന്ന ആരോപണം. അതിന്റെ സത്യാവസ്ഥ പുറത്തുവരണം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയാലും ഇല്ലെങ്കിലും ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം ശരിയായില്ലെന്നും എം.വി. ജയരാജൻ വിശദീകരിച്ചു. നവീന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് സി.പി.എം നേതാവിന്റെ പ്രതികരണം.
കണ്ണൂര്‍: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി പരിഗണിക്കുന്നത് ഈമാസം 21ലേക്ക് മാറ്റി. മജിസ്ട്രേറ്റിന്റെ അസാന്നിധ്യത്തിൽ കണ്ണൂർ ഒന്നാം ക്ലാസ് കോടതിയിൽ ബുധനാഴ്ച സിറ്റിങ് നടക്കാത്തതിനാലാണ് ഹരജി മാറ്റിവെച്ചത്. കലക്ടര്‍ അരുണ്‍ കെ. വിജയന്, പെട്രോള്‍ പമ്പിന് അപേക്ഷ നല്കിയ ടി.വി. പ്രശാന്ത് എന്നിവരുടെ ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെയുള്ള ഫോൺ വിളികളുടെ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ. മഞ്ജുഷയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.