കണ്ണൂര്‍: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ പരിശോധിക്കാൻ തടസ്സമില്ലെന്ന് അറിയിച്ച് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്. തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് കലക്ടർ സന്നദ്ധത അറിയിച്ചത്.
കലക്ടറുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്കിയ ടി.വി. പ്രശാന്തന്റെയും ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെയുള്ള മൊബൈല്‍ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലാത്ത കലക്ടറുടേയും പ്രശാന്തന്റേയും വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് വിശദീകരണം തേടി.
മറുപടി കേട്ടശേഷം വിധി പറയാനായിരുന്നു തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റിയത്. എന്നാല്‍, കലക്ടറുടെ മറുപടി മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രശാന്തനു വേണ്ടി ആരും ഹാജരായില്ല. കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും. വേണ്ട തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.