കണ്ണൂർ: പാർട്ടി ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി അനാച്ഛാദനം ചെയ്ത നായനാർ പ്രതിമ ‘ആൾമാറാട്ട’ വിവാദത്തിൽ. നായനാർ അക്കാദമി ഉദ്ഘാടനത്തോടനുബന്ധിച്ച് അനാച്ഛാദനം ചെയ്തത് നായനാരുടെ രൂപസാദൃശ്യമില്ലാത്ത പ്രതിമയാണെന്നാണ് വിവാദം. പുരികത്തിന് താഴെ കണ്ണടവെച്ച് പുഞ്ചിരിക്കുന്ന നായനാരുടെ മുഖമല്ല പ്രതിമയിൽ. സൂക്ഷ്മപരിശോധന നടത്താതെയാണ് പ്രതിമ അനാച്ഛാദനം ചെയ്തതെന്ന വിമർശനം പരിഗണിച്ച് പ്രതിമയിൽ മിനുക്കുപണി നടത്താൻ പാർട്ടി നിർദേശം നൽകി.
പ്രതിമ നിർമിച്ച ജയ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശിൽപിയോട് ഉടനെ വന്ന് പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നായനാർ അക്കാദമി ട്രസ്റ്റ് അധ്യക്ഷൻകൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ‘മാധ്യമ’േത്താട് പറഞ്ഞു. ‘കളിമണ്ണിൽ ഉണ്ടാക്കിയത് കാസ്റ്റ് ചെയ്തപ്പോൾ രൂപം മാറി. ഇത് പരിശോധിക്കാൻ ശിൽപിയോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം വന്ന് നോക്കും’ -കോടിയേരി പറഞ്ഞു. നായനാരുടെ കല്യാശ്ശേരിയിലെ വീട്ടിലുള്ള പൂർണകായ ചിത്രത്തെയാണ് പ്രതിമക്ക് മോഡലായി എടുത്തിരുന്നത്. പ്രതിമ അനാച്ഛാദനം ചെയ്തശേഷം ശാരദടീച്ചർ നേതാക്കളെ വിളിച്ച് പ്രതികരിച്ചുവെന്നാണ് വിവരം.
അക്കാദമിയുെട മേൽനോട്ടം സംസ്ഥാന സെക്രേട്ടറിയറ്റിനായതിനാൽ വിവാദത്തെക്കുറിച്ച് ജില്ല നേതാക്കളും ഒന്നും പ്രതികരിച്ചില്ല. അക്കാദമി കെട്ടിടത്തിെൻറ ആർക്കിടെക്ട് നിർദേശിച്ചതനുസരിച്ചാണ് ജയ്പൂരിലെ ശിൽപിക്ക് നിർമാണച്ചുമതല നൽകിയത്. കളിമണ്ണിൽ നിർമിച്ച പ്രതിമ കാണാൻ കേരളത്തിൽനിന്ന് പാർട്ടി നേതൃത്വം ജയ്പൂരിൽ പോയിരുന്നു. വാസ്തുശിൽപഭംഗിയാർന്ന അക്കാദമി കെട്ടിടം കാണാനെത്തുന്ന സന്ദർശകരുടെ എണ്ണം ദിനംപ്രതി കൂടവെ പ്രതിമയും വിവാദവും സാമൂഹികമാധ്യമങ്ങളിലും പാർട്ടിഗ്രൂപ്പുകളിലും വ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.