തിരുവനന്തപുരം: എൽ.ഡി.എഫിലേക്കുള്ള കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിെൻറ വരവിനെ കരുതലോടെ നോക്കിക്കണ്ട് എൻ.സി.പി. സി.പി.എമ്മിെൻറ നിർലോഭ പിന്തുണയോടെ വരുന്ന ജോസ് വിഭാഗത്തിൽനിന്ന് ഭാവിയിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടിവരിക തങ്ങൾക്കാകുമെന്ന തിരിച്ചറിവോടെയാണ് എൻ.സി.പി ഒാരോ ചുവടും വെക്കുന്നത്.
പാലാ സീറ്റിെൻറ പേരിൽ പരസ്യകലഹത്തിന് പുറപ്പെട്ട ട്രഷററും എം.എൽ.എയുമായ മാണി സി. കാപ്പനെ മുന്നണി മര്യാദക്കുള്ളിലേക്ക് കൊണ്ടുവന്നശേഷമാണ് ജോസ് വിഭാഗത്തിെൻറ തീരുമാനത്തെ എൻ.സി.പി നേതൃത്വം സ്വാഗതം ചെയ്തത്.
ദേശീയപാർട്ടി എന്ന ലേബലും ശരത് പവാറെന്ന അതികായകെൻറ തണലുമുള്ള എൻ.സി.പി സംസ്ഥാന നേതൃത്വം വെല്ലുവിളിയെ മറ്റൊരുതലത്തിൽ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലാ സീറ്റിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്ക അടക്കം ഇതിനകം പവാറിനെ അറിയിച്ചുകഴിഞ്ഞു.
അടുത്തദിവസം ഡൽഹിയിലെത്തുന്ന പവാർ സി.പി.എം കേന്ദ്ര നേതൃത്വത്തെ നേരിട്ട് ഇൗ ആശങ്ക അറിയിക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിലവിലെ സ്ഥിതി മെച്ചപ്പെടുത്തണമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ വിശാലമനസ്സ് സി.പി.എമ്മിന് ആവശ്യമാണ്.
കഴിഞ്ഞദിവസം പ്രകോപനപരമായി പ്രതികരിക്കുകയും യു.ഡി.എഫിന് രാഷ്ട്രീയ ആയുധം നൽകുകയും ചെയ്ത മാണി സി. കാപ്പൻ ബുധനാഴ്ച സ്വരം മാറ്റിയത് ദേശീയനേതൃത്വത്തിെൻറ ഇടപെടലിലാണ്. മാത്രമല്ല ജോസ് വിഭാഗം എൽ.ഡി.എഫ് ഘടകകക്ഷി ആകാതെ നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകേണ്ട ബാധ്യത മുന്നണി സ്ഥാപകരിൽ ഒരാളായ തങ്ങൾക്കില്ലെന്ന വിലയിരുത്തലിലാണ് എൻ.സി.പി.
'പാലാ സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും പാർട്ടിക്ക് മുന്നിൽ ആവശ്യം ഉയർത്തിയിട്ടില്ലെ'ന്ന് സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ 'മാധ്യമ'ത്തോട് പറഞ്ഞു. എൻ.സി.പി ആ വിഷയം ആലോചിച്ചിട്ടുമില്ല. പാർട്ടി വിജയിച്ച സീറ്റ് വിട്ടുകൊടുക്കുന്ന വിഷയം തന്നെയില്ല. ജോസ് വരുന്നതിൽ തക്കമില്ല, സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 16ന് സംസ്ഥാന ഭാരവാഹികളുടെ യോഗം എറണാകുളത്ത് ചേരുന്നുണ്ട്. സംഘടനാ വിഷയം, തദ്ദേശതെരഞ്ഞെടുപ്പ് ഒരുക്കം എന്നിവയാണ് അജണ്ടയെങ്കിലും പ്രധാനവിഷയം കേരളാ കോൺഗ്രസിെൻറ വരവും പാലാ സീറ്റും തന്നെയാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.