കൊച്ചി: ഗതാഗതമന്ത്രിയും എലത്തൂർ എം.എൽ.എയുമായ എ.കെ. ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന ശക്തമായ ആവശ്യമുയർത്തി എൻ.സി.പി നേതൃയോഗത്തിൽ ഒരു വിഭാഗം രംഗത്ത്. ഏഴു തവണ മത്സരിച്ചയാളെന്ന നിലക്കും ഹണി ട്രാപ് വിവാദത്തിൽെപട്ട സാഹചര്യത്തിലുമാണ് ഇദ്ദേഹത്തെ മാറ്റി നിർത്തണമെന്ന ആവശ്യം ഉയർന്നത്.
എന്നാൽ, വിജയസാധ്യത കണക്കിലെടുത്താണ് സ്ഥാനാർഥികളെ നിർത്തുകയെന്ന പ്രതികരണമാണ് നേതൃയോഗത്തിലും യോഗശേഷം മാധ്യമങ്ങളോടും നേതാക്കൾ പ്രതികരിച്ചത്.
നാലു സീറ്റ് തങ്ങൾക്കു വേണമെന്ന നിലപാടിലാണ് എൻ.സി.പി. തിങ്കളാഴ്ച നടക്കുന്ന എൽ.ഡി.എഫ് ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെടും. പാലാ, കുട്ടനാട്, എലത്തൂർ, കോട്ടക്കൽ എന്നീ മണ്ഡലങ്ങളാണ് പാർട്ടി ലക്ഷ്യമിടുന്നത്.
എന്നാൽ, പാലാ ഇത്തവണ കിട്ടാനിടയില്ലാത്ത സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ ആലുവയോ അങ്കമാലിയോ ആവശ്യപ്പെടുമെന്ന് നേതാക്കൾ വ്യക്തമാക്കി. മാർച്ച് പത്തിനുള്ളിൽ സ്ഥാനാർഥി നിർണയം പൂർത്തിയാകും.
ഇതിനിടെ പാർട്ടി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർക്കെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരക്കൽ രംഗത്തെത്തി. നേതൃയോഗത്തിൽ പങ്കെടുത്ത ഇദ്ദേഹം ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇരുവരുടെയും ഏകാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും ശശീന്ദ്രൻ ഇത്തവണയും മത്സരിച്ചാൽ എൻ.എം.സിയിലെ പ്രവർത്തകരടക്കം അദ്ദേഹത്തിനെതിരെ പ്രചാരണവുമായി മണ്ഡലത്തിലുണ്ടാകുമെന്നും കേന്ദ്ര കമ്മിറ്റിക്ക് പരാതി നൽകുെമന്നും ജയൻ പുത്തൻപുരക്കൽ 'മാധ്യമ'ത്തോട് പറഞ്ഞു.
എറണാകുളം ബി.ടി.എച്ചിൽ ചേർന്ന യോഗത്തിൽ ടി.പി. പീതാംബരൻ, എ.കെ. ശശീന്ദ്രൻ, കുട്ടനാട്ടിൽ പരിഗണിക്കുന്ന തോമസ് കെ. തോമസ്, കോട്ടക്കലിലെ സ്ഥാനാർഥിയാകാനിടയുള്ള എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എം. മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.