കൊച്ചി: നെടുമ്പാശ്ശേരി കള്ളനോട്ട് കേസിൽ ഒന്നാംപ്രതി മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശി ആബിദ് ചുള്ളികുളവന് 10 വർഷം കഠിനതടവ്. 75,000 രൂപ പിഴയടക്കാനും പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി എം. നന്ദകുമാർ ഉത്തരവായി. ഇന്ത്യൻ ശിക്ഷ നിയമം 489 ബി പ്രകാരം കള്ളനോട്ട് യഥാർഥമെന്ന രീതിയിൽ ഉപയോഗിച്ചതിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും കള്ളനോട്ട് കൈവശംവെച്ച കുറ്റത്തിന് 489 സി പ്രകാരം അഞ്ചുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിധിക്കുശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.
2013 ജനുവരി 26നാണ് ആബിദ് 9,75,000 രൂപയുടെ കള്ളനോട്ടുമായി നെടുമ്പാശ്ശേരി വിമാനത്താവളംവഴി എത്തിയത്. ബാഗിൽ അടുക്കിവെച്ച നോട്ടുകെട്ട് കണ്ടതോടെ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് കേെസടുത്തു. നോട്ട് പാകിസ്താനിൽ അച്ചടിച്ചതാണെന്ന സംശയത്തെതുടർന്നാണ് കേസ് എൻ.െഎ.എ ഏറ്റെടുത്തത്. യു.എ.പി.എയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റ് പ്രതികളായ കൊടുങ്ങല്ലൂർ പെരിഞ്ഞനം പുതുവീട്ടിൽ മുഹമ്മദ് ഹനീഫ, മലപ്പുറം വണ്ടൂർ കരുവാരക്കുണ്ട് നീലഞ്ചേരി തെക്കേതിൽ പൊടി സലാം എന്ന അബ്ദുൽ സലാം, പോണ്ടിച്ചേരി സ്വദേശി ആൻറണി ദാസ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു.
പ്രധാന പ്രതിയും ദാവൂദ് ഇബ്രാഹിമിെൻറ വലംകൈയുമായ അഫ്താബ് ബട്കിയെ പിടികൂടാനായിട്ടില്ല. മറ്റൊരു പ്രതിയായ മഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദിനെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്.
പോണ്ടിച്ചേരി സ്വദേശി ആൻറണി ദാസാണ് കള്ളനോട്ടിനായി ആദ്യം പണമിറക്കിയതെന്നാണ് എൻ.െഎ.എ കണ്ടെത്തിയത്. നാലുലക്ഷം രൂപ ഇയാൾ നിക്ഷേപിച്ചു. പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ ആരോപിച്ചിരുന്നെങ്കിലും സംഭവം നടക്കുേമ്പാൾ എൻ.െഎ.എ ആക്ട് നിലവിൽ വന്നിട്ടില്ലെന്ന് കണ്ടെത്തി ഹൈകോടതി യു.എ.പി.എ കുറ്റങ്ങൾ എടുത്തുകളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.