നെടുങ്കണ്ടം കസ്റ്റഡി മരണം: സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു; എസ്‌.ഐ കെ.എ. സാബു ഒന്നാം പ്രതി

കൊച്ചി: വിവാദമായ നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. എസ്‌.ഐ കെ.എ. സാബുവാണ് ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡില്‍വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് എറണാകുളം സി.ജെ.എം കോടതിയിൽ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ പറയുന്നു.

ആദ്യം പൊലീസ് അന്വേഷിച്ച കേസില്‍ ഏഴു പൊലീസുകാരായിരുന്നു പ്രതികൾ. ഇതിന് പുറമെ ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെയും കോണ്‍സ്റ്റബിൾ ബിജു ലൂക്കോസിനെയും കൂടി സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി എസ്.പിയായിരുന്ന കെ.ബി. വേണുഗോപാല്‍, ഡി.വൈ.എസ്പിമാരായ പി.കെ. ഷംസ്, അബ്ദുൽ സലാം എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

രാജ്കുമാറിനെയും അദ്ദേഹത്തിന്‍റെ ജീവനക്കാരിയായ ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. സമാനതകളില്ലാത്ത പൊലീസ് പീഡനം നടന്നുവെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്.

സാമ്പത്തിക തട്ടിപ്പുക്കേസില്‍ 2019 ജൂണ്‍ 12നാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി തുടർന്ന് റിമാൻഡിലായ രാജ്കുമാർ ജൂൺ 21ന് മരിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Nedunkandam custody death: CBI files chargesheet; SI K.A. Sabu is the first accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.