മുത്തങ്ങ (വയനാട്): കോവിഡ് കാലത്ത് നിയന്ത്രണങ്ങൾക്ക് അയവു വന്നപ്പോൾ കാഴ്ചകളും കുളിരും തേടി വയനാട്ടിലേക്ക് കൂട്ടത്തോടെ ചുരം കയറിയെത്തുകയാണ് സഞ്ചാരികൾ. ജില്ലയിലേക്കെത്തുന്ന സന്ദർശകരിൽ ഭൂരിഭാഗവും സമീപ ജില്ലകളിൽനിന്നുള്ളവരാണ്. വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനിടയിലും ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളൊക്കെ സഞ്ചാരികൾക്കായി തുറന്നു നൽകിയിട്ടുമുണ്ട്.
എന്നാൽ, അനിയന്ത്രിതമായ ടൂറിസത്തിന്‍റെ തിക്തഫലങ്ങളും അനുഭവിക്കുകയാണ് വയനാട്. കൃത്യമായ മാർഗദേശങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്തതിനാൽ സഞ്ചാരികളുടെ ബാഹുല്യം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളടക്കമുള്ളവ ഏറെയാണ്. ചുരം ഉൾപെടെയുള്ള പ്രധാന നിരത്തുകളിെല ഗതാഗതക്കുരുക്കു മുതൽ രോഗപ്പകർച്ചയുടെ ഭീതിയടക്കമുള്ള കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതർ, പാരിസ്ഥിതിക വിഷയങ്ങളിൽ ഒട്ടും ശ്രദ്ധ ചെലുത്തുന്നില്ലെന്നും വിമർശനമുണ്ട്. ഇതിന്‍റെ നേർക്കാഴ്ചകളാണ് ജില്ലയിലെ വനമേഖലയിലെത്തുന്ന ടൂറിസ്റ്റുകളുടെ നിയമലംഘനങ്ങളെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
സഞ്ചാരികൾ വനത്തിൽ പ്രവേശിക്കുക, വാഹനങ്ങൾ വനമേഖലയിൽ പാർക് ചെയ്യുക, വന്യമൃഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുക, അവക്ക് തീറ്റ നൽകുക തുടങ്ങിയവയെല്ലാം നിയമം മൂലം നിരോധിക്കപ്പെട്ടവയാണ്. കടുത്ത ശിക്ഷയുള്ള കുറ്റങ്ങളാണിവ. എന്നാൽ, മുത്തങ്ങ വനമേഖലയിൽ ഈ നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് സഞ്ചാരികളുടെ സ്വൈരവിഹാരം. കാട്ടിലെ ഉല്ലാസത്തിനു പുറമെ മൃഗങ്ങളുടെ ചിത്രങ്ങൾ പകർത്താൻ കാടിനുള്ളിേലക്ക് ആളുകൾ ഇറങ്ങിച്ചെല്ലുകയാണ്. പൊൻകുഴി അമ്പലത്തിനരികെ കാട്ടിൽ കൂട്ടത്തോടെ മേയുന്ന മാനുകളുടെ അടുേത്തക്കെത്തി സന്ദർശകർ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നത് പതിവുകാഴ്ചയാവുകയാണ്. വാഹനങ്ങൾ കാടിനോടുചേർന്ന് റോഡരികിൽ പാർക്ക് ചെയ്താണ് സന്ദർശകർ കാട്ടിലേക്കിറങ്ങുന്നത്. വിളിപ്പാടകലെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികെളടുക്കാത്തത് സന്ദർശകർക്ക് തുണയാവുന്നു.
കേരള അതിർത്തി കഴിഞ്ഞാൽ, വനത്തിൽ ടൂറിസ്റ്റുകളുടെ നിയമലംഘന പ്രവർത്തികൾക്ക് കർശന നിയന്ത്രണമാണ് കർണാടക കൈക്കൊള്ളുന്നത്. എന്നാൽ, കേരളത്തിന്‍റെ നിയന്ത്രണത്തിലുള്ള വനമേഖലയിൽ കർശന നടപടികളൊന്നുമുണ്ടാവുന്നില്ല. ആനകൾ റോഡ് മുറിച്ചുകടക്കാനൊരുങ്ങവേ, അവയുടെ തൊട്ടുമുമ്പിൽ വാഹനം പാർക്ക് ചെയ്ത് പ്രകോപനം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. ജില്ലയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് വർധിച്ച സാഹചര്യത്തിൽ വനമേഖലകളിലടക്കം സന്ദർശകരെ നിയന്ത്രിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ. ബാദുഷ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.