തൃക്കരിപ്പൂർ: സി.ബി.എസ്.ഇ നടത്തുന്ന ദേശീയ പ്രവേശനയോഗ്യത പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ് മുടങ്ങിയത് അപേക്ഷകരെ വലച്ചു. ശനിയാഴ്ച രാത്രി എട്ടുമുതൽ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഞായറാഴ്ച വൈകിയിട്ടും സെർവർ തകരാർ നേരെയാക്കിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീറ്റ് പ്രവേശനപരീക്ഷ വെബ്സൈറ്റ് തുറന്നത് (http://cbseneet.nic.in/). തൊട്ടടുത്ത അവധിദിവസങ്ങളിൽ അപേക്ഷ നൽകാൻ ശ്രമിച്ചവർ പരാജയപ്പെടുകയായിരുന്നു. കേരളത്തിൽ 10 ജില്ലകളിലാണ് നീറ്റ് പരീക്ഷാകേന്ദ്രങ്ങളുള്ളത്. അപേക്ഷകരുടെ രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നുണ്ടെങ്കിലും പിന്നീട് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കിൽ പ്രവേശിക്കുമ്പോൾ ‘സെഷൻ ടൈം ഔട്ട്’ സന്ദേശമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പരീക്ഷയുടെ ഹെൽപ്ഡെസ്ക് നമ്പറുകളും ടോൾ ഫ്രീ നമ്പറുകളും പ്രവൃത്തിദിവസങ്ങളിൽ മാത്രമാണ് പ്രവർത്തനനിരതമാവുക.
സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തേടിയാണ് അപേക്ഷകർ ആദ്യദിവസങ്ങളിൽതന്നെ അപേക്ഷ സമർപ്പിക്കുന്നത്. പരീക്ഷാകേന്ദ്രം സംബന്ധിച്ച മൂന്ന് ഓപ്ഷനാണ് അപേക്ഷകർ നൽകേണ്ടത്. വെബ്സൈറ്റ് തകരാർമൂലം പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാത്ത കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ളവർക്കാണ് കൂടുതൽ പ്രയാസം ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.