തിരുവനന്തപുരം: ബജറ്റിൽ വിദ്യാർഥികളോട് കടുത്ത അവഗണനയെന്ന് കെ.എസ്.യു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല നിരന്തരം പ്രശ്നവല്‍കൃതമാകുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ബജറ്റ് പ്രഖ്യാപനം നടന്നത്. അനേകായിരം വിദ്യാർഥികൾ അനുദിനം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നിട്ടും നിലവിലെ വിദ്യാഭ്യാസ രംഗത്തിന് ആശ്വാസമാകുന്നതല്ല ബജറ്റ്. അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും സ്വജന പക്ഷപാതം കൊണ്ടും കുത്തഴിഞ്ഞും കിടക്കുന്ന കേരളത്തിലെ സർവകലാശാലകളിലെ അധ്യാപക നിയമനങ്ങളിൽ കൃത്യത വരുത്താനോ നൂതന തൊഴിൽ സാധ്യതകൾക്ക് അനുസൃതമായ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ല.
ആയുർവേദ കോളജിൽ അടക്കം പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സുതാര്യമാക്കാനുള്ള ക്രിയാത്മക നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഇന്ധന സെസുകൾ കൂടുന്ന സാഹചര്യത്തിൽ വിലവർധനവിന് ആനുപാതികമായി യാത്ര കൺസഷൻ നിരക്ക് വർദ്ധിക്കുന്നതും ആശങ്കാജനകമാണ്. കഴിഞ്ഞ ബജറ്റിൽ സർവകലാശാലകളുടെ ട്രാൻസ്ലേഷനൽ റിസർച്ച് സെന്ററിനും അതിനോട് അനുബന്ധിച്ച് സ്റ്റാർട്ട് അപ്പ് കേന്ദ്രങ്ങൾക്കും 200 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഇത്തവണ പത്തു കോടി കൂടെ അനുവദിച്ചത്. എൻജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളും കേന്ദ്രീകരിച്ചുള്ള പൈലറ്റ് പ്രോജക്ടുകൾ ഐ.ടി സ്ഥാപനങ്ങളിലും മറ്റു വ്യവസായ സ്ഥാപനങ്ങളുള്ള ഇന്ത്യൻ ഷിപ്പ് പദ്ധതി അടക്കമുള്ള
ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുള്ള വിദ്യാർഥികളുടെ കുറവ്, നിലവാര തകർച്ച, സിലബസ് പരിഷ്കരണം അടക്കമുള്ള കാര്യങ്ങളിൽ ബജറ്റിൽ ഒന്നും മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഒരു പോളിടെക്നിക് അനുവദിച്ചത് മാത്രമാണ് ആകെയുള്ളത്. നിലവിൽ നടത്തിയ പ്രഖ്യാപനങ്ങൾ പോലും നടപ്പാക്കാത്ത സാഹചര്യത്തിൽ ഇവയെല്ലാം കേവലം രാഷ്ട്രീയ ഗിമ്മിക്കുകളായി മാറുന്നു. പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി വർധനവ് സർക്കാർ ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം കെ.എസ്.യു ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നേട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.