അമ്പലപ്പുഴ: നവജാതശിശുവിന്റെ മരണം അണുബാധയെ തുടർന്നാണെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജനിച്ചപ്പോഴുണ്ടായ അണുബാധയാണ് മരണകാരണം. സാധാരണ പ്രസവായിരുന്നു. കുട്ടി ജനിച്ചത് പ്രസവവാർഡിൽ ആണെന്നത് തെറ്റായ പ്രചാരണമാണ്. യുവതിയെ ലേബർ റൂമിൽ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷമാണ് വാർഡിലേക്ക് മാറ്റിയത്. സീനിയർ ഡോക്ടർമാർ പരിചരിച്ചില്ലെന്നത് തെറ്റാണ്. പ്രസവത്തിനായി ഇവിടെ പ്രവേശിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ചികിത്സതേടിയിരുന്നു. രക്തസ്രാവമുള്ളതിനാൽ അതിനുള്ള ചികിത്സനൽകി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതാണ്. പിറ്റേന്ന് സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ്ജ് വാങ്ങി ആശുപത്രിവിടുകയായിരുന്നു. അതിനുശേഷം 28 നാണ് ഒ.പിയിൽ എത്തുന്നത്. ഉച്ചയോടെ ആശുപത്രിയിൽ ലേബർറൂമിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മക്ക് പ്രസവം വരെ യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.
പ്രസവശേഷം കുട്ടിക്ക് ആദ്യം അനുഭവപ്പെട്ടത് ശ്വാസതടസ്സമാണ്. തുടർന്ന് വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റി. പിന്നീട് അണുബാധയുണ്ടായി. തുടർന്ന് ആന്തരീകാവയവങ്ങളെയും ബാധിച്ചു. പീഡിയാട്രിക് ആധുനിക സൗകര്യങ്ങൾ ഇവിടെ ഇല്ലാത്തതിനാൽ തിരുവനന്തപുരം എസ്.എ.ടിയിലെ വിദഗ്ധ ഡോക്ടർമാരുമായി ബന്ധപ്പെട്ടു. അവിടേക്ക് മാറ്റാമെന്ന് ബന്ധുക്കളോട് പറഞ്ഞെങ്കിലും തയാറായില്ല. പിന്നീട് അവിടുത്തെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സ നടത്തിവരുകയായിരുന്നു. അണുബാധയുള്ള കുട്ടികൾ ഒക്സിജന്റെയും മറ്റും സഹായത്തോടെയാണ് തീവ്രപരിചരണത്തില്‍ കഴിയുന്നത്. ആ സാഹചര്യത്തില്‍ കുഞ്ഞിനെ മറ്റുള്ളവരെ കാണിക്കാന്‍ സാധിക്കില്ല.
എന്നാൽ കുട്ടിയാടെ പിതാവിനോടും അമ്മയോടും കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. വാർത്തസമ്മേളനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാം, ഗൈനക് എച്ച്.ഒ.ഡി ഡോ. സംഗീതാ മേനോന്, പീഡിയാട്രിക് എച്ച്.ഒ.ഡി ഡോ. ശ്രീലത, ഡോ. ബിന്ദു നമ്പീശന്, ഗൈനക് അസോ. പ്രഫ. ഡോ. റെയ്ഞ്ചല്‍ അലക്സാണ്ടര്‍, ഡോ. ദേവിഅക്ഷയ രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയില്‍ നവജാത ശിശു ചികിത്സാപ്പിഴവ് മൂലം മരണമടഞ്ഞതിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി എത്തിയതോടെ ആശുപത്രി പരിസരം സമര വേദിയായി മാറി. ഉച്ചയോടെയാണ് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തിയത്.നേരിടാൻ നിരവധി പൊലീസും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിലായിരുന്നു ഇരു പാർട്ടിയുടെയും പ്രതിഷേധം. പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് പ്രധാന കവാടത്തിൽ തടഞ്ഞു. കോൺഗ്രസിന്റെ പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി എം.ജെ. ജോബും ബി.ജെ.പിയുടെ പ്രതിഷേധം ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറും ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരന്തരമായി ഉണ്ടാകുന്ന ചികിത്സാപിഴവിനെതിരെ എ.ഐ. വൈ.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു. പ്രകടനമായി എത്തിയ പ്രവർത്തകരെ പ്രധാന കവാടത്തിൽ പൊലീസ് തടഞ്ഞു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജി. സുധീഷ് ഉദ്ഘാടനം ചെയ്തു. ബിൻഷാമോൾ അധ്യക്ഷതവഹിച്ചു. സി.പി.ഐ വണ്ടാനം ലോക്കൽ സെക്രട്ടറി എസ്. കുഞ്ഞുമോൻ, എ. അനസ്, സാജു, മുഹ്സിന, പ്രബാഷ്, ബിബിത്ത് എന്നിവർ സംസാരിച്ചു. ആശുപത്രിയിലെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടന് നിവേദനവും നൽകി.
അമ്പലപ്പുഴ: ചികിത്സാപ്പിഴവെന്ന ആരോപണത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാതശിശു ഉള്‍പ്പെടെ അടുത്തിടെ സംഭവിച്ചത് മൂന്നു മരണം. പ്രസവാനന്തര ചികിത്സക്കിടെ യുവതി മരിച്ചതാണ് അടുത്തിടയില്‍ ഉണ്ടായ മറ്റൊരു സംഭവം. പുറക്കാട് പഞ്ചായത്ത് നാലാം വാർഡ് തൈവേലിക്കകം വീട്ടില്‍ അന്‍സാറിന്റെ ഭാര്യ ഷിബിന (31) യാണ് മരിച്ചത്. ചികിത്സയിലെ പിഴവാണെന്നാരോപിച്ചുള്ള പ്രതിഷേധം ശക്തമായിരുന്നു. അന്‍സാറിന്റെ പരാതിയില്‍ അന്വഷണം നടന്നുവരുകയാണ്.
രോഗം കലശലായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ വയോധിക മരിച്ചതാണ് മറ്റൊരു സംഭവം. പുന്നപ്ര അഞ്ചിൽ ഉമൈബ (70)യുടെ മരണവും ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന്റെയും അന്വേഷണവും നടന്നുവരുകയാണ്. ഇതിനിടെയാണ് ബുധനാഴ്ച രാത്രി നവജാത ശിശു മരിച്ചത്.
പ്രസവത്തോടെ കുട്ടിമരിച്ചതിന് പിന്നാലെ അമ്മയുടെ ജീവന് പൊലിഞ്ഞതും ഏറെ വിവാദമായിരുന്നു. 2022 ഡിസംബറിലായിരുന്നു സംഭവം. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണ (22)യും നവജാതശിശുവും മരിച്ചതാണ് അന്ന് ഏറെ വിവാദമായത്.
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്കി.
ആരോഗ്യമന്ത്രി അടിയന്തരമായി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് പരിഹാരനടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സാധാരണക്കാരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നത്. അവര്‍ക്കാവശ്യമായ മതിയായ ചികിത്സ നല്കുന്നതില് വീഴ്ച ഉണ്ടാകുന്നത് വളരെ ഗൗരവതരമാണെന്നും എം.പി കുറ്റപ്പെടുത്തി..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.