തിരുവനന്തപുരം: വിജയകരമായ ചന്ദ്രയാൻ ദൗത്യത്തിൽ നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്.എഫ്.ഒ ടെക്നോളജീസിന്റെ കൈയൊപ്പും. ചന്ദ്രയാൻ 3 ന്റെ ഭാഗമായ ഒമ്പത് നിർണായക ആർ.എഫ് പാക്കേജുകൾ ഉൽപാദിപ്പിച്ചത് ഇവരാണ്. ആറ് ടെലി-കമാൻഡ് റിസീവറുകൾ, രണ്ട് എസ് - ബാൻഡ് ട്രാൻസ്മിറ്ററുകൾ, ഒരു സി- ബാൻഡ് ട്രാൻസ്പോണ്ടർ എന്നിവ അടങ്ങുന്ന ഒമ്പത് ആർ.എഫ് പാക്കേജുകളാണ് ദൗത്യത്തിൽ പ്രവർത്തിച്ചത്. ദൗത്യത്തിന്റെ LVM3-M4 പാതയിലെ സുപ്രധാന പാക്കേജുകളാണിവ.
ഫ്ലൈറ്റ് സമയത്ത് ഗ്രൗണ്ട് സ്റ്റേഷന് തത്സമയ തീരുമാനമെടുക്കാൻ ഇവയാണ് ഡാറ്റ നൽകുന്നത്. റിയൽ ടൈം ഫ്ലൈറ്റ് ആപ്ലിക്കേഷനുകൾക്കായി ട്രാക്കിങ്, ടെലിമെട്രി, ടെലി- കമാൻഡ് എന്നിവക്കായുള്ള തന്ത്രപരവും നിർണായകവുമായ ഓൺബോർഡ് പാക്കേജുകളാണ് ആർ.എഫ് സിസ്റ്റങ്ങൾ. ഈ ബഹിരാകാശ ദൗത്യത്തിൽ എസ്.എഫ്.ഒ- ഐ.എസ്.ആർ.ഒ പങ്കാളിത്തം എളിയ തുടക്കം മാത്രമാണെന്ന് നെസ്റ്റ് ഗ്രൂപ് ചെയർമാൻ എൻ. ജഹാംഗീർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഉത്സാഹത്തോടെ സഹകരിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലൈറ്റ് സമയത്ത് ലോഞ്ച് വെഹിക്കിളിന്റെ തൽക്ഷണ സ്ഥാനം ഗ്രൗണ്ട് റഡാറുകളുമായി ചേർന്ന് നൽകുന്നത് സി.ബി.ടിയാണ്. ഇതിൽ ഉയർന്ന പവർ പൾസ്ഡ് ട്രാൻസ്മീറ്ററും ഒരൊറ്റ പാക്കേജിൽ സംയോജിപ്പിച്ച ഉയർന്ന സെൻസിറ്റീവ് റിസീവറും അടങ്ങിയിരിക്കുന്നു. ഇവ ഗ്രൗണ്ട് റഡാറുകളെ സമന്വയിപ്പിക്കുകയും ബന്ധപ്പെട്ട റഡാറുകൾക്ക് മറുപടി നൽകുകയും ചെയ്യുന്നു.
പ്രകടന വിശകലനത്തിനും തത്സമയ തീരുമാനമെടുക്കുന്നതിനും വാഹന ആരോഗ്യ പാരമീറ്ററുകളുടെ അളവും നിരീക്ഷണവും പ്രധാനമാണ്. പ്രോഗ്രാം ചെയ്യാവുന്ന എസ് ബാൻഡ് ട്രാൻസ്മിറ്റർ തത്സമയം, ഡാറ്റയുടെ പോസ്റ്റ് പ്രോസസിങ്ങിനായി വിവിധ തന്ത്രപ്രധാനമായ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് തടസ്സമില്ലാതെ ഫ്ലൈറ്റ് ഡാറ്റ നൽകുന്നു. മികച്ച ബിറ്റ് എറർ പ്രകടനത്തോടെ സെക്കൻഡിൽ 2 മെഗാബിറ്റ് ഡാറ്റ ട്രാൻസ്മിഷൻ ശേഷി ഈ സിസ്റ്റത്തെ ഏത് ബഹിരാകാശ ദൗത്യങ്ങളുടെയും ഭാഗമാക്കി മാറ്റുന്നു.
ബിൽറ്റ് ഇൻ പരിരക്ഷയും സ്പുരിയസ് ഫ്രീ പ്രവർത്തനവുമുള്ള അത്യാധുനിക റിസീവറാണിത്. ടെലി കമാൻഡ് ഗ്രൗണ്ട് സ്റ്റേഷനുകളിൽനിന്ന് കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യുന്ന കമാൻഡ് ഡീകോഡറുമായുള്ള ഇന്റർഫേസുകളിൽനിന്ന് ഇതിന് അപ് ലിങ്ക് കമാൻഡുകൾ ലഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.