ഡി.ആർ.ഡി.ഒയുടെ അത്​ഭുത മരുന്നും കോവിഡ്​ ചികിത്സയും; മൂന്ന്​ ദിവസംകൊണ്ട്​ മാറുമോ രോഗം?

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ്​ ഡിഫൻസ്​ റിസർച്ച്​ ആൻഡ്​ ഡെവലപ്​മെൻറ്​ ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ചതെന്ന പേരിൽ കോവിഡിനെതിരായ മരുന്നിന്​​ രാജ്യത്ത്​ അടിയന്തര​ ഉപയോഗത്തിന്​ അനുമതി നൽകിയത്​. ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന്, ഡി.ആർ.ഡി.ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേർന്നാണ്​ വികസിപ്പിച്ചത്. ഡ്രഗ്​സ്​ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്​ (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയത്​.


പൊടി രൂപത്തിലുള്ള​ ഇൗ മരുന്ന്​ വെള്ളത്തിൽ ലയിപ്പിച്ചാണ്​ കഴിക്കേണ്ടത്​. മരുന്ന്​​ കഴിച്ചവർ കോവിഡ്​ ബാധിച്ചവർ വേഗത്തിൽ രോഗമുക്​തി നേടുന്നുണ്ടെന്നും മെഡിക്കൽ ഒാക്​സിജ​െൻറ സഹയാം തേടുന്നത്​ കുറക്കാൻ സാധിക്കുന്നുണ്ടെന്നും​ ഇതി​െൻറ പരീക്ഷണഘട്ടത്തിൽ മനസ്സിലാക്കാൻ സാധിച്ചതായാണ്​ സർക്കാർ വൃത്തങ്ങൾ പറയുന്നത്​. സംഘപരിവാർ കേന്ദ്രങ്ങൾ വലിയ പ്രചരണമാണ്​ പുതിയ മരുന്നിന്​ നൽകിയത്​. കോവിഡ്​ മാറാനുള്ള ഒറ്റമൂലി എന്ന നിലയിലും മരുന്ന്​ പ്രചരിപ്പിക്കപ്പെടുന്നുണ്ട്​. എന്നാൽ അറിയപ്പെടുന്ന കോശ ശാസ്​ത്രജ്ഞനും യൂനിവേഴ്​സിറ്റി ഒാഫ്​ ചിക്കാഗോയിലും ജോൺഹോപ്​കിൻസ്​ സർവ്വകലാശാലയിലും ജോലിചെയ്​തിരുന്ന ആളുമായ എതിരൻ കതിരവൻ ഉൾപ്പടെയുള്ളവർ മരുന്നി​െൻറ ഫലപ്രാപ്​തി ചോദ്യംചെയ്​ത്​ രംഗത്ത്​ വന്നിട്ടുണ്ട്​.

എന്താണീ ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി)

വെള്ളത്തിൽ കലക്കികൊടുക്കുന്ന ഇൗ പുതിയ മരുന്ന്​ ഒരുതരം ഗ്ലൂക്കോസ്​ ആണ്​. സാധാരണ ഗ്ലൂക്കോസി​ലെ ഹൈഡോക്സിൽ ഗ്രൂപ്പിൽനിന്ന്​ ഒരു ഹൈഡ്രജൻ എടുത്ത്​ മാറ്റിയാണ്​ പുതിയ ഒൗഷധം തയ്യാറാക്കിയിരിക്കുന്നത്​. നേരത്തേതന്നെ നിലവിലുള്ള ഒൗഷധമാണിത്​. ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കാനാകുമോ എന്ന്​ ഇൗ മരുന്നിനെകുറിച്ച്​ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്​.​ മരുന്ന്​ ഉപയോഗിച്ച്​ കൊവിഡ്​ ചികിത്സ നടത്താനുള്ള ക്ലിനിക്കൽ ട്രയലിനായി ജർമൻ കമ്പനിയായ മോളിക്യുലിൻ അമേരിക്കയിൽ അപേക്ഷ കൊടുത്തിട്ടുമുണ്ട്​. പക്ഷെ അവിടങ്ങളിൽ അതൊന്നും മുന്നോട്ട്​ പോയിരുന്നില്ല. നിലവിൽ ഡി.ആർ.ഡി.ഒ 200 ഓളം പേരിൽ നടത്തിയ പഠനത്തി​െൻറ പിൻബലത്തിലാണ്​ മരുന്ന്​ രോഗികളിൽ ഉപയോഗിക്കുന്നത്​.


പ്രവർത്തന രീതി

സെല്ലുകളിലെ ഗ്ലൂക്കോസ് ഉപയോഗത്തെ ഭാഗികമായി തടസപ്പെടുത്തുന്ന ഒരു കെമിക്കൽ ആണിത്. വൈറസ് കയറിയ സെല്ലുകളിലും, ഗുരുതര കോവിഡ് ലക്ഷങ്ങൾക്ക് കാരണക്കാരായ സൈറ്റോകൈനുകൾ ഉണ്ടാക്കുന്ന സെല്ലുകളിലും ഇത് പ്രവർത്തിക്കും. ഇതോടെ കോശങ്ങളുടെ പ്രവർത്തനം മൊത്തം പതുക്കെ ആകും. ഇൗ അറിവിൽ നിന്നാണ് ഇത് മരുന്നാക്കാമോ എന്ന ചിന്ത ഉടലെടുത്തത്. ആശുപത്രിയിൽ ഓക്സിജൻ വേണ്ടി വന്ന തിരഞ്ഞെടുത്ത 220 രോഗികളിൽ 110 പേർക്ക് മരുന്ന് കൊടുത്താണ് നിലവിൽ പരീക്ഷണം നടത്തിയത്​. മരുന്ന് കൊടുത്തവരിൽ രോഗലക്ഷണങ്ങൾ വേഗത്തിൽ കുറഞ്ഞു എന്നാണ്​ പരീക്ഷണങ്ങൾ കാണിച്ചത്​.


എന്നാൽ മരുന്ന് കൊടുത്തവരും കൊടുക്കാത്തവും തമ്മിലുള്ള രോഗ ശമന നിരക്കിലെ വ്യത്യാസം 11 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. മരുന്ന്​ നൽകിയവരിൽ 42 ശതമാനം പേരെ ഓക്സിജൻ കൊടുക്കുന്ന അവസ്ഥയിൽ നിന്ന് മാറ്റാൻ പറ്റി. മരുന്ന് കൊടുക്കാത്തവരിൽ 31 ശതമാനത്തേയെ മാറ്റാൻ പറ്റിയുള്ളൂ. ഇതിൽനിന്നുതന്നെ മരുന്ന്​ ഉപയോഗിക്കു​േമ്പാൾ താരതമ്യേന ചെറിയ പ്രയോജനം ആണ്​ ലഭിക്കുക എന്ന്​ വ്യക്​തമാണ്​. മറ്റൊരു പ്രശ്​നം മരുന്ന്​ ഉണ്ടാക്കുന്ന സൈഡ്​ എഫക്​ട്​ ആണ്​. എല്ലാ കോശങ്ങളിലും ഒരുപോലെ പ്രവർത്തിക്കുന്ന​തോടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വിശദമായ പഠനങ്ങൾക്ക്​ വിധേയമാക്കേണ്ടതാണ്​. കൂടുതൽ വലുതും സമയം എടുക്കുന്നതുമായ ക്ലിനിക്കൽ ട്രയലുകളിലുടെ മാത്രമാണ്​ ഇത്തരം മരുന്നുകളുടെ ഫലപ്രാപ്​തി തെളിയിക്കാനാവുകയുള്ളൂ. വലിയ പഠനങ്ങൾ കഴിയുമ്പോൾ കാര്യമായ ഒരു പ്രയോജനവും ഇല്ല എന്ന നിഗമനം ഉരുത്തിരിയാനും ഇത്തരം മരുന്നുകളുടെ കാര്യത്തിൽ സാധ്യതയുണ്ടെന്നും വിദഗ്​ധർ പറയുന്നു.


എതിരൻ കതിരവൻ പറയുന്നത്​

ഇതൊരു അത്​ഭുത മരുന്നല്ല എന്നാണ്​ എതിരൻ കതിരവനെപോലുള്ള വിദഗ്​ധർ ആദ്യമേ ചൂണ്ടിക്കാണിക്കുന്നത്​. അത്തരം പ്രചരണങ്ങൾ അവാസ്​തവമാണെന്നും അദ്ദേഹം പറയുന്നു. ഇത് കോവിഡിനെതിരെ ഉള്ള മരുന്നല്ല. ചില കോശങ്ങളുടെ ഒാക്​സിജൻ ആവശ്യകത കുറക്കുകയാണ്​ മരുന്ന്​ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. മറ്റ്​ ചികിത്സകളോടൊപ്പം നൽകാവുന്ന ഒരു അധിക മരുന്നാണിത്​. അല്ലാതെ പുതിയ മരുന്ന്​ കഴിച്ച്​ കോവിഡ്​ മാറ്റാമെന്ന്​ ഒരു ആധികാരിക പഠനവും തെളിയിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.