തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷത്തിന് പ്രത്യേക നിയമസഭ സമ്മേളനം ആഗസ്റ്റ് 14ന് അർധരാത്രി വിളിച്ച് ചേർക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശം തള്ളിയ മുഖ്യമന്ത്രിയുടെ നടപടി വിവാദത്തിലേക്ക്. സ്വാതന്ത്ര്യദിനത്തിന്റെ 25ാം വാർഷികത്തോടും ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 45ാം വാർഷികത്തോടും 'പുറംതിരിഞ്ഞ്' നിന്ന സി.പി.എമ്മിന്റെ മുൻ നിലപാടിന്റെ പശ്ചാത്തലത്തിലാണ് വിവാദം ചൂടുപിടിക്കുന്നത്. സ്വാതന്ത്ര്യദിന വാർഷികത്തോട് അനുബന്ധിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽനിന്ന് സി.പി.എം ഒഴിഞ്ഞുമാറുന്നത് ഇതാദ്യമല്ല. 1972ൽ സ്വാതന്ത്ര്യത്തിന്റെ 25ാം വാർഷികത്തിന് ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രതിപക്ഷത്തായിരുന്ന സി.പി.എം ബഹിഷ്കരിച്ചിരുന്നു. 1987ൽ ഭരണത്തിലിരുന്നപ്പോൾ ക്വിറ്റ് ഇന്ത്യ സമരവാർഷിക സമ്മേളനം നടത്തണമെന്ന രാജ്യസഭ ഉപാധ്യക്ഷന്റെ നിർദേശം നിരാകരിച്ച ഇ.കെ. നായനാർ സർക്കാർ പ്രതിപക്ഷത്തിന്റെ നാവിന്റെ ചൂടറിയുകയും ചെയ്തു.
ആഗസ്റ്റ് 15ന് മന്ത്രിമാർക്ക് ജില്ലകളിൽ സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി 14ന് അർധരാത്രി പ്രത്യേക സമ്മേളനമെന്ന ആവശ്യം തള്ളിയത്. അന്ന് അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസം ചേരണമെന്ന വി.ഡി. സതീശന്റെ അഭ്യർഥനയോട് മുഖ്യമന്ത്രി പ്രതികരിച്ചതുമില്ല. സ്വാതന്ത്ര്യത്തിന്റെ 25ാം വാർഷികമായ 1972 ആഗസ്റ്റ് 14ന് രാത്രി ഗവർണർ കെ. വിശ്വനാഥന്റെ സാന്നിധ്യത്തിലും സി. അച്യുതമേനോന്റെ നേതൃത്വത്തിലും സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേർന്നിരുന്നു. പ്രതിപക്ഷത്തായിരുന്ന സി.പി.എം, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഈ പ്രത്യേക സമ്മേളനം ബഹിഷ്കരിച്ചു. പിന്നീട് 1987ൽ അന്ന് ഉപരാഷ്ട്രപതിയും രാജ്യസഭ ഉപാധ്യക്ഷനുമായിരുന്ന ആർ. വെങ്കട്ടരാമൻ അധ്യക്ഷനായി രൂപവത്കരിച്ച കമ്മിറ്റി 40ാം സ്വാതന്ത്ര്യദിനവും ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 45ാം വാർഷികവും ആഘോഷിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിയമസഭയുടെ കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രി നായനാർ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടി. എന്നാൽ, സർക്കാർ പിന്നീട് ഇതിന് സഭയിൽ ഭേദഗതി നിർദേശം കൊണ്ടുവന്നു. കെ. കരുണാകരന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായി എതിർത്തു. എന്നാൽ, ആഗസ്റ്റ് ഒമ്പതിന് ചേരാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയതെന്നുമായിരുന്നു ഭരണപക്ഷ വാദം. ആഗസ്റ്റ് 13ന് രാവിലെ ഒമ്പതിന് ചേർന്ന പ്രത്യേക സിറ്റിങ്ങിൽ സ്വാതന്ത്ര്യസമര സേനാനികളെ ഗാലറിയിൽ ക്ഷണിച്ച് ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.