തിരുവനന്തപുരം: തമിഴ്നാട് എതിർപ്പുമായി രംഗത്തുണ്ടെങ്കിലും മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിന് മുന്നോടിയായുള്ള പഠന പ്രവർത്തനങ്ങൾ കേരളം തുടരും. പുതിയ ഡാം നിർമാണത്തിന്റെ വിശദ പദ്ധതി റിപ്പോർട്ട് ഇറിഗേഷൻ വകുപ്പ് ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡാമിന്റെ ഡിസൈൻ തയാറാക്കൽ പൂർത്തിയായി. ഇപ്പോഴുള്ള ഡാമിന്റെ 1200 അടി താഴ്ഭാഗത്തായി നേരത്തേ സർവേ ചെയ്ത സ്ഥലത്തിന് അനുയോജ്യമായ രീതിയിലാണ് പുതിയ ഡിസൈൻ.
ഡാം നിർമിക്കാൻ ഉദ്ദേശിക്കുന്നത് പെരിയാർ കടുവ സംരക്ഷിത മേഖലയിലായതിനാൽ ‘എ’ കാറ്റഗറിയിലുള്ള പരിസ്ഥിതി അനുമതി ആവശ്യമാണ്. കേരളത്തിന് പരിസ്ഥിതി പഠനത്തിനായി 2014 ഡിസംബർ മൂന്നിന് ചേർന്ന നാഷനൽ ബോർഡ് ഓഫ് വൈൽഡ് ലൈഫ് (എൻ.ബി.ഡബ്ല്യു.എൽ) സ്റ്റാൻഡിങ് കമ്മിറ്റി യോഗം അനുമതി നൽകിയിരുന്നു. ഇതിനെതിരെ 2015 മേയ് ഏഴിന് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു.
പരിസ്ഥിതിപഠനത്തിൽനിന്ന് കേരളത്തെ തടയണമെന്നായിരുന്നു ആവശ്യം. പാരിസ്ഥിതിക പഠനത്തിന് അനുമതി നൽകിയ എൻ.ബി.ഡബ്ല്യ.എൽ തീരുമാനം പിൻവലിക്കാൻ നിർദേശിക്കണമെന്ന ആവശ്യവും തമിഴ്നാട് ഉന്നയിച്ചു. എന്നാൽ, കോടതിയിൽനിന്ന് അനുകൂല ഉത്തരവിനുള്ള തമിഴ്നാട് ശ്രമം വിജയിച്ചില്ല. ഇതിനിടെ പുതിയ ഡാമിനുള്ള പഠനപ്രവർത്തനങ്ങളുമായി കേരളം മുന്നോട്ടുപോവുകയും ചെയ്തു.
ഇതിനിടെയാണ് പരിസ്ഥിതി പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ചതിന്റെ കലാവധി കഴിഞ്ഞതിനാൽ പുതുക്കി നിശ്ചയിക്കണമെന്ന അപേക്ഷ കേരളം നൽകിയത്. പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ കഴിഞ്ഞ ദിവസത്തെ എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി യോഗം ഡാം വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, തമിഴ്നാടിന്റെ എതിർപ്പിന് പിന്നാലെ യോഗം മാറ്റിവെക്കുകയായിരുന്നു.
മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് 2011ൽ ആദ്യ ഡി.പി.ആർ തയാറാക്കിയിരുന്നെങ്കിലും തുടർനടപടികൾ വൈകി. 600 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന നിർമാണത്തിന് പുതുക്കിയ ഡി.പി.ആർ പ്രകാരം 1200 കോടിയിലധികം ചെലവ് വരുമെന്നാണ് ഇറിഗേഷൻ വകുപ്പ് കണക്കാക്കിയിട്ടുള്ളത്.
തമിഴ്നാടിന് ആവശ്യമായ ജലം ലഭ്യമാക്കി മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ആശങ്കകൾ പരിഹരിക്കാൻ പുതിയ ഡാം വേണമെന്ന നിലപാടിലാണ് കേരളം. പുതിയ ഡാം നിർമിക്കുന്നതിനെതിരെ തമിഴ്നാട്ടിൽ കർഷക സംഘടനകൾ സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.