പാര്‍ട്ടിയിൽ പുതുതായി എത്തുന്നവർ സമ്പന്നരാകുന്ന പ്രവണത; കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദന്‍

കരുനാഗപള്ളി: പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ പെട്ടെന്ന് വലിയ സമ്പന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടുവരുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്പത്ത് ഏതാനും വര്‍ഷം കൊണ്ട് വന്‍തോതില്‍ വര്‍ധിക്കുകയാണ്. അത്തരക്കാരെ കണ്ടെത്തി കര്‍ശനമായ നടപടിയെടുക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളില്‍ ചിലര്‍ തുടര്‍ച്ചയായി ഭാരവാഹികളാവുന്നതും ദോഷം ചെയ്യുന്നുണ്ട്. തെറ്റുതിരുത്തല്‍ രേഖ എല്ലാ തലത്തിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. മെറിറ്റ് മറികടന്നുള്ള സ്ഥാനക്കയറ്റം പാര്‍ട്ടിയില്‍ തുടരുന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറിന്‍റെ മുന്‍ഗണന ഏത് വിഭാഗങ്ങള്‍ക്കായിരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. ഇരുപതോളം ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ പോയി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും പാനൂരിലെ ബോംബ് സ്‌ഫോടനവും തിരിച്ചടിയായെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

നവോഥാനത്തിന് നേതൃത്വം നല്‍കിയ എസ്.എൻ.ഡി.പി യോഗത്തെ സംഘ്പരിവാറിന്റെ കൈയ്യിലാക്കാന്‍ അനുവദിക്കരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്രസമിതികളിലും മറ്റും സജീവമായി ഈ നീക്കം തടയണം. ജനങ്ങളെ മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഘടകങ്ങള്‍ക്കും വലിയ പിഴവുപറ്റിയെന്നും കരുനാഗപള്ളിയില്‍ ചേര്‍ന്ന മേഖലാ യോഗത്തില്‍ എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - New entrants to the party tend to get rich; MV Govindan will take strict action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.