തിരുവനന്തപുരം: നവകേരള സദസ്സ് പൂര്‍ത്തിയായപ്പോൾ റവന്യൂ വകുപ്പിൽ തീര്‍പ്പാക്കാൻ ബാക്കിയുള്ളത് 1,06,177 അപേക്ഷ. ഭൂരിപക്ഷത്തിനും വേണ്ടത് സാമ്പത്തിക സഹായമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽനിന്നായി 48,553 പേരാണ് നവകേരള സദസ്സിനെത്തിയത്. വിവിധതരം സഹായങ്ങൾ അടക്കം പലവിധ പരാതികളെന്ന ശീര്‍ഷകത്തിൽ 36,358 എണ്ണം പരിഗണന കാത്തുകിടക്കുന്നു.
ദുരിതാശ്വാസനിധി സഹായം ആവശ്യപ്പെട്ടുള്ള അപേക്ഷകൾ റവന്യൂ വകുപ്പിനെ വല്ലാതെ കുഴക്കുകയാണ്. മാനദണ്ഡങ്ങൾ കര്‍ശനമായതിനാൽ തീര്‍പ്പും പരാതി പരിഹാരവും വലിയ വെല്ലുവിളിയാണ്. മാനദണ്ഡങ്ങൾ അപൂര്ണമായതടക്കം പരാതികളിൽ വീണ്ടും അപേക്ഷ എഴുതിവാങ്ങുന്നത് പോലുള്ള സങ്കീര്‍ണത ഒഴിവാക്കാൻ പ്രത്യേക പോര്‍ട്ടൽ സജ്ജീകരണമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ദുരിതാശ്വാസനിധി സഹായം ആവശ്യപ്പെട്ട് ലഭിച്ച 48,553 അപേക്ഷകളിൽ കൂടുതലും ആലപ്പുഴയിൽനിന്നാണ് -6732. കാസര്‍കോടാണ് കുറവ് -920. മുൻഗണന അടിസ്ഥാനത്തിൽ തീർപ്പാക്കേണ്ട വിഭാഗത്തിൽ ചതുപ്പുനിലം തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് 10,950ഉം പട്ടയ പ്രശ്നത്തിൽ 17,437ഉം അപേക്ഷ റവന്യൂ വകുപ്പിലുണ്ട്. അപേക്ഷ കുന്നുകൂടിയിട്ടും പരിഹാരം വൈകുന്നതിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കോടികൾ മുടക്കി ജനസദസ്സ് നടത്തിയത് ദുരിതാശ്വാസ അപേക്ഷ സ്വീകരിക്കാനായിരുന്നോ എന്നവർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.