തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുറ്റവാളികളെ പിടികൂടാന്‍ ആന്റി ഓര്‍ഗനൈസ്ഡ് ക്രൈംസ് സെല്‍ എന്ന പേരിൽ പുതിയ സംവിധാനം ശക്തമാക്കി പൊലീസ്. ഇതിലൂടെ ഒളിവില്‍ കഴിയുന്ന യഥാര്‍ഥ ഗുണ്ടകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും തുടർനടപടി സ്വീകരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. സംഘടിത കുറ്റകൃത്യം തടയാൻ നിയമസംവിധാനത്തിന് നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പൊലീസിന്റെ പുതിയ നീക്കം.
ഗുണ്ടാ പ്രവർത്തനങ്ങൾക്ക് തടയിടാൻ എല്ലാ ജില്ല പൊലീസ് ആസ്ഥാനത്തും പ്രത്യേക ആക്ഷന്‍ ഗ്രൂപ്പിനും രൂപം നൽകി. മുമ്പ് പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുണ്ടായിരുന്ന ഗുണ്ടാ വിരുദ്ധ സ്ക്വാഡിന് സമാനമാണ് സംവിധാനം. എല്ലാ സ്റ്റേഷന് പരിധികളിലും ഇതിന്റെ പ്രവര്‍ത്തനം വ്യാപകമാക്കും. എസ്.എച്ച്.ഒമാരുടെ (സി.ഐമാരുടെ) മേല്‍നോട്ടത്തിലാകും ആന്റി ഓര്‍ഗനൈസ്ഡ് ക്രൈംസ് സെൽ പ്രവര്‍ത്തിക്കുക.
മൂന്നു മാസത്തിനുള്ളില്‍ ഗുണ്ടാ ലിസ്റ്റിൽപെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ കണ്ടെത്തി അമര്‍ച്ച ചെയ്യാനാണ് ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളിലേക്കോ അന്യ രാജ്യങ്ങളിലേക്കോ കടന്നവരെ കണ്ടെത്തുന്നതിനാകും കൂടുതൽ പ്രധാന്യം. വിദേശത്തേക്ക് കടന്നവരാണെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടും. സൈബർ സെൽ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാകും ഈ സംവിധാനം പ്രവർത്തിക്കുക.
അന്വേഷണ-സാങ്കേതിക മികവുള്ള ഉദ്യോഗസ്ഥരെ കൂടുതലായും സെല്ലിൽ ഉൾപ്പെടുത്തും. 'വാലിൽനിന്ന് തലയിലേക്ക്' എന്ന നിലയിൽ ഗുണ്ടാസംഘങ്ങളുടെ കണ്ണികളിൽനിന്ന് തലവനിലേക്ക് എത്തിച്ചേരുന്ന നിലയിലാവും പ്രവർത്തനം. ഗുണ്ടാസംഘങ്ങളുമായി സേനാംഗങ്ങൾക്ക് ബന്ധമുണ്ടെങ്കിൽ പരിശോധിച്ച് നടപടിക്ക് ശിപാർശ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.