കോട്ടയം: പാതയിലെ വേഗം കൂട്ടുന്നതിന്‍റെ ഭാഗമായി കോട്ടയംവഴിയുള്ള ട്രെയിനുകൾക്ക് പുതിയ സമയക്രമം. കോട്ടയംവഴി ഇരട്ടപ്പാത പൂർത്തിയായ സാഹചര്യത്തിലാണ് തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകളുടെ വേഗം കൂട്ടുന്നത്.
കോട്ടയം-കൊല്ലം പാസഞ്ചർ (06431) ജൂലൈ 30 മുതൽ അഞ്ചുമിനിറ്റ് മുമ്പ് കോട്ടയത്തുനിന്ന് പുറപ്പെടും. 5.25ന് പുറപ്പെട്ട് രാവിലെ 7.35നാണ് ട്രെയിൻ കൊല്ലത്ത് എത്തുക. നേരത്തേ 5.30ന് പുറപ്പെട്ട് 7.50ന് എത്തുംവിധമായിരുന്നു സമയക്രമം.
ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് കോട്ടയം മുതൽ കൊച്ചുവേളി വരെയുള്ള സ്റ്റേഷനുകളിലാണ് സമയമാറ്റം. വൈകീട്ട് 7.20ന് കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി ഏഴുമണിക്കാണ് പുറപ്പെടുക. രാത്രി 11ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ടിരുന്നതിനുപകരം 15 മിനിറ്റ് നേരത്തേ രാത്രി 10.45ന് പുറപ്പെടും. ആഗസ്റ്റ് അഞ്ചുമുതലാണ് ഈ മാറ്റം.
ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് (12626) കോട്ടയത്തുനിന്ന് വൈകീട്ട് 6.15ന് പുറപ്പെട്ടിരുന്നത് ആറുമണിക്കാക്കി. രാത്രി 9.50ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. ആഗസ്റ്റ് ഒന്നുമുതലാണ് ഈ മാറ്റം.
വിവേക് എക്സ്പ്രസ് (15906) ആഗസ്റ്റ് ആറുമുതൽ വൈകീട്ട് 3.50ന് കോട്ടയത്തെത്തും. നേരത്തേ 4.10നാണ് എത്തിയിരുന്നത്. അഞ്ചുമിനിറ്റ് നേരത്തേ 9.55ന് കന്യാകുമാരിയിലെത്തും.
എറണാകുളം-കോട്ടയം പാസഞ്ചർ (06453) ജൂലൈ 30 മുതൽ രാവിലെ 7.45ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 9.30ന് കോട്ടയത്തെത്തും. നേരത്തേ 7.20ന് പുറപ്പെട്ട് 8.55നാണ് കോട്ടയത്തെത്തിയിരുന്നത്.
ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് (16328) കോട്ടയം മുതൽ പുനലൂർ വരെ സ്റ്റേഷനുകളിൽ ആഗസ്റ്റ് ഒന്നുമുതൽ സമയമാറ്റമുണ്ട്. നേരത്തേ രാവിലെ 10നാണ് കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്നത്. പുതിയ സമയക്രമം അനുസരിച്ച് 9.40ന് പുറപ്പെടും. പുനലൂരിലെത്തുന്ന സമയത്തിൽ മാറ്റമില്ല.
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (12081) ആഗസ്റ്റ് ഒന്നുമുതൽ 10.38ന് കോട്ടയത്തുനിന്ന് പുറപ്പെടും. നേരത്തേ 10.55നാണ് കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്നത്. തിരുവനന്തപുരത്തെത്തുന്ന സമയത്തിൽ മാറ്റമില്ല.
മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസിന് (16649) ചങ്ങനാശ്ശേരി മുതൽ തിരുവനന്തപുരം വരെയാണ് സമയമാറ്റം. 3.30ന് പുറപ്പെട്ടിരുന്ന ട്രെയിൻ അഞ്ചുമിനിറ്റ് നേരത്തേ ചങ്ങനാശ്ശേരിയിൽനിന്ന് പുറപ്പെടും. ആഗസ്റ്റ് ഒന്നുമുതലാണ് മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.