മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന് പുതിയ ടോൾ ഫ്രീ നമ്പർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടാൻ ഇനി മുതൽ 1076 എന്ന നാലക്ക ടോൾ ഫ്രീ നമ്പർ. 2022 ജനുവരി ഒന്നു മുതൽ പുതിയ നമ്പർ പ്രബല്യത്തിൽ വരും.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടാൻ നിലവിൽ 1800 425 7211 എന്ന 11 അക്ക ടോൾ ഫ്രീ നമ്പറാണുള്ളത്. സംസ്ഥാനത്തിന് അകത്ത് ലാൻഡ് ലൈനിൽ നിന്നോ മൊബൈലിൽ നിന്നോ വിളിക്കുന്നവർക്ക് 1076 ലേക്ക് നേരിട്ട് വിളിക്കാം. സംസ്ഥാനത്തിന് പുറത്തുനിന്ന് വിളിക്കുന്നവർ 0471 എന്ന കോഡും രാജ്യത്തിന് പുറത്തുനിന്ന് വിളിക്കുന്നവർ 91 എന്ന കോഡും ചേർത്താണ് വിളിക്കേണ്ടത്.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ഓഫിസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ പ്രവർത്തിക്കുന്നു. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെയും അപേക്ഷയുടെയും തൽസ്ഥിതി 1076 എന്ന നമ്പറിലൂടെ അറിയാൻ കഴിയും. പരാതികളിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം ശ്രദ്ധയിൽപ്പെട്ടാലും സ്വീകരിച്ച നടപടികളിൽ അതൃപ്തി ഉണ്ടെങ്കിലും ഈ നമ്പറിൽ അറിയിച്ചാൽ പരിഹാര നടപടി സ്വീകരിക്കും.

ടോൾ ഫ്രീ നമ്പറിലൂടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടുന്നവർക്ക് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന സേവനം സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താനും സംവിധാനമുണ്ട്. ഫോൺ സംഭാഷണം പൂർത്തിയാകുന്ന മുറക്ക്​ വിളിച്ച നമ്പറിലേക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്.എം.എസ് ലഭിക്കും. ലിങ്ക് ഉപയോഗിച്ച് അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം.

മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേഡിൽ നേരിട്ടെത്തിയും പരാതികൾ സമർപ്പിക്കാനും തൽസ്ഥിതി അറിയാനും കഴിയും. നേരിട്ട് സമർപ്പിക്കുന്ന പരാതികൾക്ക് അപ്പോൾ തന്നെ രസീത് ലഭിക്കും.

Tags:    
News Summary - New toll free number for CM's public grievance redressal system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.