തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷവേളയില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വിപണനവും ഉപഭോഗവും തടയാൻ എക്സൈസ് വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിൽ റെക്കോഡ് ലഹരിവേട്ട നടത്തിയെന്ന് മന്ത്രി എം.വി. ഗോവിന്ദന്.
ഇതിനകം 358 എന്‍.ഡി.പി.എസ് കേസുകളും 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോ കഞ്ചാവ്, 3.312 കിലോ എം.ഡി.എം.എ, 453 ഗ്രാം ഹഷീഷ് ഓയില്‍, 264 ഗ്രാം നാർകോട്ടിക് ഗുളികകള്‍, 40 ഗ്രാം മെത്താംഫിറ്റമിന്‍, 3.8 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 13.4 ഗ്രാം ഹെറോയിന്‍, 543 ലിറ്റര്‍ വാറ്റ് ചാരായം, 1072 ലിറ്റര്‍ അന്തർസംസ്ഥാന മദ്യം, 3779 ലിറ്റര്‍ ഐ.എം.എഫ്.എല്‍, 33,939 ലിറ്റര്‍ കോട എന്നിവ കണ്ടെടുത്തു. അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ പിടിച്ചെടുത്ത് പാറശ്ശാല പൊലീസിന് കൈമാറി.
തമിഴ്നാട് അതിര്‍ത്തിയില്‍ നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ തമിഴ്നാട് പ്രൊഹിബിഷന്‍ വിങ്ങുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 72,77,200 രൂപ പിടിച്ചെടുത്ത് തമിഴ്നാട് പ്രൊഹിബിഷന്‍ വിങ്ങിന് കൈമാറി. പാലക്കാട് വേലന്താവളം എക്സൈസ് ചെക്പോസ്റ്റില്കൂടി കാറില്‍ കടത്താന്‍ ശ്രമിച്ച 188 കിലോ കഞ്ചാവ് ചെക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വയനാട് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ 69 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. കണ്ണൂരിലെ ഇരിട്ടിയില്‍നിന്ന് ലോറിയിലും പിക്അപ് വാനിലുമായി കടത്താന്‍ ശ്രമിച്ച 220.2 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങള്‍ പിടികൂടി. എല്ലാ ജില്ലകളിലെയും എക്സൈസ് ഹെഡ് ക്വാര്‍ട്ടേഴ്സിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. ലഹരി സംബന്ധിച്ച വിവരം 9447178000, 9061178000 എന്നീ കണ്ട്രോള് റൂം നമ്പറുകളില്‍ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.