കാഞ്ഞിരപ്പള്ളി: നവജാതശിശുവിനെ ശൗചാലയത്തിലെ പ്ലാസ്റ്റിക് ജാറിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാറത്തോട്, മുക്കാലി മാരൂര്മലയില് സുരേഷ്-നിഷ ദമ്പതികളുടെ മൂന്നുദിവസം മാത്രമായ ആണ്‍കുട്ടിയുടെ മൃതദേഹമാണ് വീട്ടിലെ ശൗചാലയത്തില്‍ കണ്ടെത്തിയത്. ഇവരുടെ ആറാമത്തെ കുട്ടിയാണിത്.
സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നത്: തിരുവല്ല സ്വദേശിയായ സുരേഷും പെരുവന്താനം മണികല്ല് സ്വദേശിയായ നിഷയും കഴിഞ്ഞ 10 വര്‍ഷമായി പാറത്തോട്, മുക്കാലി എന്നിവിടങ്ങളില്‍ താമസിച്ചു വരുകയാണ്.
മുക്കാലിയിലെ വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ ഗര്‍ഭിണിയായിരിക്കെ ആശാ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും ഗര്‍ഭിണിയാണന്ന വിവരം നിഷേധിച്ചിരുന്നു.കഴിഞ്ഞ ഞായറാഴ്ച മുക്കാലി റോഡിലുള്ള വീട്ടില്‍വെച്ച് പ്രസവിച്ചെങ്കിലും മറ്റാരോടും പറയുകയോ പ്രസവാനന്തര ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. ഇതിനിടെ ബുധനാഴ്ച പാറത്തോട് സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും പ്രസവം നടന്നതായി ഇവര്‍ സമ്മതിച്ചില്ല.
ഇതോടെ സംശയം തോന്നിയ ആരോഗ്യ പ്രവര്‍ത്തകര്‍ ബലമായി നടത്തിയ പരിശോധനയില്‍ പ്രസവം നടന്നതായി കണ്ടെത്തി. കുട്ടിയെ കുറിച്ച് ചോദിച്ചെങ്കിലും പരസ്പരവിരുദ്ധ മറുപടിയാണ് നല്‍കിയത്.
തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അവർ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തിലെ ജാറിനുള്ളിലെ വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു അവശയായ യുവതിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറുപ്പത്തില്‍ പോളിയോവന്ന് കാലിനു സ്വാധീനം നഷ്ടപ്പെട്ട നിഷക്ക് മരിച്ചകുട്ടിയെ കൂടാതെ അഞ്ചു കുട്ടികള്‍ കൂടിയുണ്ട്. 15, 11, ആറ്, മൂന്ന്, ഒന്നര വയസ്സുള്ള കുട്ടികളാണവര്‍. മൂത്തകുട്ടിയാണ് മൃതദേഹം ശൗചാലയത്തിലുെണ്ടന്നു മറ്റുള്ളവരോട് പറഞ്ഞത്.
താന്‍ രാവിലെ ജോലിക്കു പോകുമ്പോള്‍ ഈ കുട്ടി ആരോഗ്യത്തോടെ ഭാര്യ നിഷയോടൊപ്പം കണ്ടിരുന്നുവെന്ന് ഭര്‍ത്താവ് സുരേഷ് പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പൊലീസ് നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.