കൊല്ലം: പിതാവിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള കടം വീട്ടാൻ പത്രപരസ്യം നൽകി കാത്തിരുന്ന മകന്റെ ആദ്യഘട്ട ശ്രമം ലക്ഷ്യത്തിലെത്തിയില്ല. പരസ്യം കണ്ട് ഫോണിൽ വിളിച്ച അഞ്ച് പേർ അയച്ച ചിത്രങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും അവരാരും ഉപ്പയുടെ സുഹൃത്തല്ലെന്ന് തിരിച്ചറിഞ്ഞതിന്റെ നിരാശയിലാണ് അബ്ദുല്ലയുടെ മകൻ നാസർ.
പെരുമാതുറ മാടൻവിള പുളിമൂട്ടിൽ അബ്ദുല്ലയുടെ (ഹബീബുല്ല) രണ്ടാമത്തെ മകൻ നാസറാണ് പിതാവ് വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽവെച്ച് വാങ്ങിയ കടം വീട്ടാനായി പത്രപരസ്യം നൽകി കാത്തിരിക്കുന്നത്.1978-80 കാലയളവിൽ ദുബൈയിൽവെച്ച് കൊല്ലം സ്വദേശിയായ സുഹൃത്ത് ലൂഷ്യസാണ് അബ്ദുല്ലയെ പണം നൽകി സഹായിച്ചത്. കടം വീട്ടാനായി കാത്തിരുന്ന അബ്ദുല്ല കഴിഞ്ഞമാസം 23ന് മരിച്ചു. മക്കളോട് ഈ വിവരം പറയുകയും പലതവണ സുഹൃത്തിനെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. പരസ്യം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായതിനെ തുടർന്ന് ലൂഷ്യസിന്റെ ബന്ധുക്കളെന്ന് പറഞ്ഞ് അഞ്ച് വിളികളെത്തി.
ഇവർ അയച്ച ചിത്രങ്ങൾ പിതാവിന്റെയൊപ്പം നാട്ടിലും ഗൾഫിലും ജോലി ചെയ്തിരുന്ന പെരുങ്കുഴി സ്വദേശി റഷീദിനെ കാണിച്ചാണ് തിരിച്ചറിയാൻ ശ്രമിച്ചത്. എന്നാൽ, ഇവരാരുമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫിൽ പോകും മുമ്പേ വിശാഖപട്ടണം, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിൽ യൂഗോസ്ലാവിയൻ കമ്പനിയിൽ ഇവർ മൂന്നുപേരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ലൂഷ്യസിനൊപ്പം സഹോദരൻ ബേബി, ഭാർഗവൻ എന്നിവർക്കൊപ്പമായിരുന്നു കമ്പനിയിലെ ജോലി. ഇവിടെനിന്ന് പിരിഞ്ഞശേഷം എല്ലാവരും പലവഴിക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.